ഗസ്സയിൽ ആകെ മരണം 27,585; പതിനായിരത്തിലേറെയും കുട്ടികൾ
text_fieldsഗസ്സ: ഇസ്രായേൽ മനുഷ്യത്വരഹിതമായ ആക്രമണം തുടരുമ്പോൾ ഗസ്സയിൽ നിർദയം കൊല്ലപ്പെട്ടവരുടെ എണ്ണം 27,585 ആയി. ഇതിൽ പതിനായിരത്തിലേറെയും കുട്ടികളാണ്. കൊല്ലപ്പെട്ടവർക്ക് പുറമേ 8000ലേറെ പേരെ കാണാതായിട്ടുമുണ്ട്. 67,000 പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റത്.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 383 പേരാണ്. 4250ലേറെ പേർക്കാണ് ഇവിടെ പരിക്കേറ്റത്.
ഇന്നലെ ഗസ്സയിലെ റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 ഫലസ്തീനികൾ കൊല്ലപ്പെട്ടു. സെൻട്രൽ ഗസ്സയിലെ ദെയിർ അൽ ബലാഹിൽ വീടിന് നേരെ നടത്തിയ ആക്രമണത്തിൽ രണ്ട് പേരെ കൊലപ്പെടുത്തി.
അതേസമയം, ഇസ്രായേലി ബന്ദികളുടെ മോചനത്തിനും സമ്പൂർണ വെടിനിർത്തലിനുമായി 45 ദിവസം വീതമുള്ള മൂന്നുഘട്ട പദ്ധതി മുന്നോട്ടുവെച്ചിരിക്കുകയാണ് ഹമാസ്. മധ്യസ്ഥരായ ഖത്തറും ഈജിപ്തും മുന്നോട്ടുവെച്ച വെടിനിർത്തൽ പദ്ധതിക്ക് മറുപടിയായാണ് ഹമാസിന്റെ നിർദേശം.
നാലര മാസം നീളുന്ന വെടിനിർത്തൽ കാലയളവിനിടെ അവശേഷിക്കുന്ന മുഴുവൻ ബന്ദികളെയും ഹമാസ് കൈമാറും. അവസാന ബന്ദിയെയും കൈമാറിയാൽ ഇസ്രായേൽ സൈന്യം പൂർണമായി ഗസ്സയിൽനിന്ന് പിന്മാറണം. ഇതിനുശേഷം ആക്രമണം ഉണ്ടാകില്ലെന്ന് മധ്യസ്ഥർക്കുപുറമെ അമേരിക്ക, തുർക്കിയ, റഷ്യ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഉറപ്പുനൽകണമെന്നും ഹമാസ് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

