Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിലെ വെടിനിർത്തൽ...

ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്

text_fields
bookmark_border
ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്
cancel

ഗസ്സ: ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് റിപ്പോർട്ട്. അൽ-ജസീറയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. വെടിനിർത്തലിന് പകരമായി ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുമെന്നാണ് സൂചന.

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വക്താവ് മജീദ് അൽ-അൻസാരി പറഞ്ഞു. വെടിനിർത്തലിന് പകരമായി 240 ബന്ദികളിൽ ചിലരെ ഹമാസ് മോചിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകൾ നടക്കുന്ന വിവരം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.

ഗസ്സയിലെ മൂന്ന് ആശുപത്രികൾ രോഗികളെ മാറ്റാൻ സഹായം​ തേടിയെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. അൽ-ശിഫ, ഇന്തോനേഷ്യൻ, അൽ-അഹ്‍ലി തുടങ്ങിയ ആശുപത്രികളാണ് രോഗികളെ ഒഴിപ്പിക്കാൻ ലോകാരോഗ്യസംഘടനയിൽ നിന്ന് സഹായം തേടിയത്. വടക്കൻ ഗസ്സയിലെ മുഴുവൻ ആശുപത്രികളും പ്രവർത്തനം നിർത്തിയെന്നും സ്ഥിതി ഗുരുതരമാണെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, ഗസ്സ വലിയ പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകി. വളരെ പരിമിതമായ വെള്ളവും ഭക്ഷ്യവസ്തുക്കളും മാത്രമാണ് ഗസ്സക്ക് ഇപ്പോൾ ലഭിക്കുന്നതെന്നും വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.

ബന്ദികളുടെ മോചനത്തിന് പ്രഥമപരിഗണന നൽകാത്തതിൽ ഇസ്രായേലിനകത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ബന്ദികളുടെ കുടുംബാംഗങ്ങളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചും കഴിഞ്ഞദിവസം നടന്നു. ഇതിനു പിന്നാലെയാണ് ഖത്തർ അടക്കം രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ വേഗത്തിലാക്കിയത്.

ബന്ദികളുടെ മോചനത്തിന് രാജ്യത്ത് സമ്മർദം ശക്തിപ്രാപിക്കുന്നതിനിടെ ഇസ്രായേൽ യുദ്ധ മന്ത്രിസഭയിൽ ഇതുസംബന്ധിച്ച് വലിയ ഭിന്നതയാണുള്ളത്. ഹമാസിനെ ലക്ഷ്യമിട്ടെന്ന പേരിൽ നടത്തുന്ന ആക്രമണങ്ങൾ ബന്ദികളുടെ ജീവനും എടുക്കുന്നത് വാർത്തയാകുമ്പോഴാണ് ഏതുനിലപാടെടുക്കുമെന്ന വിഷയത്തിലെ ഭിന്നത.

പ്രതിരോധ മ​ന്ത്രി യൊആവ് ഗാലന്റും മുതിർന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഒരു കാരണവശാലും വെടിനിർത്തൽ അനുവദിക്കില്ലെന്ന നിലപാടിലാണ്. മുൻ പ്രതിരോധമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബെന്നി ഗാന്റ്സും കൂട്ടരുമാകട്ടെ, ബന്ദികളെ രക്ഷിക്കാൻ എന്തു വിലയും കൊടുക്കണമെന്ന പക്ഷത്തും. നേരത്തെ കടുത്ത നിലപാടുമായി വെടിനിർത്തില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ പ്രധാനമന്ത്രി നെതന്യാഹു ഏതുപക്ഷത്തിനൊപ്പമാണെന്ന് വ്യക്തമല്ലെന്ന് ഇസ്രായേൽ പത്രം ‘ഹാരറ്റ്സ്’ റിപ്പോർട്ട് പറയുന്നു.

അതേസമയം, വെടിനിർത്തൽ ധാരണയിലേക്കടുക്കുമ്പോഴും ഇസ്രായേൽ ഗസ്സയിൽ കനത്ത ആക്രമണം തുടരുകയാണ്. 13,300ലേറെ പേരെയാണ് ഗസ്സയിൽ അധിനിവേശ സൈന്യം കൊലപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചകളിൽ വടക്കൻ ഗസ്സയിലായിരുന്നു രൂക്ഷമായ ആക്രമണം നടത്തിയതെങ്കിൽ ഇപ്പോൾ തെക്കൻ ഗസ്സയിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Show Full Article
TAGS:Israel Palestine Conflict
News Summary - Gaza ceasefire talks are reportedly in final stages
Next Story