ഗസ്സ വെടിനിർത്തൽ: ഖത്തറിന്റെ നയതന്ത്ര വിജയം
text_fieldsദോഹ: ഗസ്സയിൽ മരണം വിതച്ചുകൊണ്ട് ഇസ്രായേൽ ബോംബർ വിമാനങ്ങൾ പറന്നുതുടങ്ങിയ 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഖത്തറിന്റെ നയതന്ത്ര ദൗത്യം ഒടുവിൽ വിജയം കണ്ടു. അരലക്ഷത്തിനടുത്ത് മനുഷ്യ ജീവനുകൾ കൊന്നൊടുക്കി ഇസ്രായേൽ നടത്തിയ യുദ്ധത്തിന് അവസാനമായി വെടിനിർത്തൽ പ്രഖ്യാപനമെത്തുമ്പോൾ വിജയം കാണുന്നത് ഖത്തർ എന്ന അറേബ്യൻ നാട്ടിലെ കുഞ്ഞുരാജ്യത്തിന്റെ വലിയ നയതന്ത്ര വിജയമാണ്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും നയതന്ത്ര ദൗത്യങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെയും വലിയ നേട്ടവും.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ആദ്യഘട്ടം മുതൽ ഖത്തർ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി രംഗത്തുണ്ടായിരുന്നു. അമേരിക്കയും ഈജിപ്തുമായി ചേർന്നായിരുന്നു ആദ്യ മധ്യസ്ഥ ശ്രമങ്ങൾ. അതിന്റെ ഫലമെന്നോണം 2023 നവംബറിൽ ആദ്യ ഘട്ട വെടിനിർത്തൽ പ്രഖ്യാപിക്കാൻ കഴിഞ്ഞു. 47 ദിവസത്തെ മരണം വിതച്ച ആക്രമണങ്ങൾക്കൊടുവിലായിരുന്നു ഈ സമാധാന ദൗത്യം വിജയിച്ചത്.
ആദ്യം 4 ദിവസവും പിന്നീട് 3 ദിവസത്തേക്കും നീട്ടിയ വെടിനിർത്തൽ കരാർ ഇസ്രായേൽ മരണം പെയ്യിച്ച ഗസ്സയിലെ ലക്ഷങ്ങൾക്ക് ആശ്വാസമായി മാറി. വിദേശികൾ ഉൾപ്പെടെ നൂറിനടുത്ത് ബന്ദികളെ ഫലസ്തീൻ തടവുകാർക്ക് പകരമായി മോചിപ്പിക്കുകയും ചെയ്തു.
ഏഴ് ദിവസത്തെ വെടിനിർത്തലിനുശേഷം ഇസ്രായേൽ വീണ്ടും ആക്രമണം കനപ്പിച്ചപ്പോഴും ക്ഷമയോടെ തന്നെയായിരുന്നു ഖത്തറിന്റെ ഇടപെടലുകൾ. ഹമാസ്, ഇസ്രായേൽ പ്രതിനിധികൾ നിരവധി തവണ ദോഹയിൽ വന്നുപോയി. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചർച്ചകൾക്ക് നേതൃത്വം നൽകി ഖത്തറിലും ഇസ്രായേലിലുമായി ഒരു വർഷത്തിനിടെ ഡസനിലേറെ തവണ പറന്നു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലോകവേദികളിലും ഐക്യരാഷ്ട്ര സഭയിലും ഗസ്സയിലെ വെടിനിർത്തലിനും മാനുഷിക സഹായമെത്തിക്കാനുമായി വാദിച്ചു. ഇതിനിടെ, 1500ഓളം ഫലസ്തീനികളെ ഖത്തറിലെത്തിച്ച് ചികിത്സ നൽകാനും വിവിധ ഘട്ടങ്ങളിലായി കടൽ, കര, ആകാശ മാർഗങ്ങളിൽ ഗസ്സയിലേക്ക് അവശ്യ സാധനങ്ങളെത്തിക്കാനും നേതൃത്വം നൽകി.
കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വീണ്ടും മധ്യസ്ഥ ശ്രമങ്ങൾ ചൂടുപിടിച്ചത്. ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകത്തോടെ മരവിച്ച സമാധാന ശ്രമങ്ങൾ ദോഹ, കൈറോ ചർച്ചകളിലൂടെ സജീവമായി.
എന്നാൽ, ഇരുപക്ഷവും വിഷയത്തിൽ ആത്മാർഥ സമീപനം സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ നവംബറിൽ ഖത്തർ പിൻവാങ്ങിയതായി പ്രഖ്യാപിച്ചെങ്കിലും അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ അവസാന വട്ടത്തിലേക്ക് നീങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

