Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെടിനിർത്തൽ കടലാസിൽ മാത്രം; ഗസ്സയിൽ കുട്ടികൾ ഉൾപ്പെടെ 1,471 പേർ കൊല്ലപ്പെട്ടെന്ന് എൻ.ജി.ഒകൾ

text_fields
bookmark_border
വെടിനിർത്തൽ കടലാസിൽ മാത്രം; ഗസ്സയിൽ കുട്ടികൾ ഉൾപ്പെടെ 1,471 പേർ കൊല്ലപ്പെട്ടെന്ന് എൻ.ജി.ഒകൾ
cancel

ഗസ്സയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിന് ഒരു വർഷം പിന്നിട്ടിട്ടും അത് കടലാസിൽ മാത്രമായി തുടരുകയാണെന്ന് നൂറിലേറെ മനുഷ്യാവകാശ, മാനവിക, സിവിൽ സൊസൈറ്റി സംഘടനകൾ. ഇസ്രായേൽ സേനയുടെ ആക്രമണങ്ങളിൽ ഫലസ്തീനികൾ ദിവസവും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നുവെന്നും ഗസ്സയിലേക്കുള്ള സഹായവിതരണത്തിനും പുനർനിർമാണത്തിനുമുള്ള നിയന്ത്രണങ്ങൾ തുടരുകയാണെന്നും സംഘടനകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

അംനസ്റ്റി ഇന്റർനാഷണൽ, നോർവീജിയൻ റെഫ്യൂജി കൗൺസിൽ, സേവ് ദ ചിൽഡ്രൻ, ഓക്സ്ഫാം, ഗ്രീൻപീസ് തുടങ്ങിയ സംഘടനകൾ ഉൾപ്പെടെയാണ് പ്രസ്താവന പുറത്തിറക്കിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 2025 ഒക്ടോബർ 10-ന് വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു വർഷത്തിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ 1,400-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടതായി സംഘടനകൾ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടവരിൽ കുറഞ്ഞത് 327 കുട്ടികളുമുണ്ട്.

“വെടിനിർത്തൽ പേരിൽ മാത്രമാണ് നിലനിൽക്കുന്നത്. ഇസ്രായേൽ സേന ദിവസവും ഫലസ്തീനികളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. സഹായസാധനങ്ങൾ, ഉപകരണങ്ങൾ, പുനർനിർമാണ സാമഗ്രികൾ എന്നിവക്കുളള നിയന്ത്രണങ്ങൾ കുടുംബങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന് തടസ്സമാകുന്നു,” സംയുക്ത പ്രസ്താവനയിൽ പറയുന്നു.

“വെടിനിർത്തൽ നിലവിൽ വന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഗസ്സയിലെ ഫലസ്തീനികളുടെ ജീവിതത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകാത്തത് അങ്ങേയറ്റം ലജ്ജാകരമാണ്,” നോർവീജിയൻ റെഫ്യൂജി കൗൺസിൽ സെക്രട്ടറി ജനറൽ ജാൻ എഗെലാൻഡ് പറഞ്ഞു.

“കുട്ടികൾ ഇപ്പോഴും കൊല്ലപ്പെടുകയും കുടുംബങ്ങൾക്ക് ജീവിതം പുനർനിർമിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വെടിനിർത്തലിന് എന്താണ് അർഥം?”സേവ് ദ ചിൽഡ്രൻ ചീഫ് എക്സിക്യൂട്ടീവ് ഇൻഗർ ആഷിങ് ചോദിക്കുന്നു. 2025 ഒക്ടോബർ 10-ന് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഏകദേശം ദിവസവും ഒരു കുട്ടി വീതം കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

74,000-ലേറെ പേർ കൊല്ലപ്പെട്ടു

2023 ഒക്ടോബറിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഗസ്സയിൽ 74,000-ലേറെ ഫലസ്തീനികൾ കൊല്ലപ്പെടുകയും 1.75 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. പരിക്കേറ്റവരിൽ ഏകദേശം 24 ശതമാനം പേർക്ക് ദീർഘകാല പുനരധിവാസം ആവശ്യമായ ഗുരുതരവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ പരിക്കുകളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇവരിൽ നാലിലൊന്ന് കുട്ടികളാണ്.

ഗസ്സയിൽ അവശേഷിക്കുന്ന ആരോഗ്യകേന്ദ്രങ്ങളിൽ മരുന്നുകൾ, ചികിത്സാ ഉപകരണങ്ങൾ, ഇന്ധനം എന്നിവയുടെ ക്ഷാമവും രൂക്ഷമാണ്. ഗസ്സയിലെ 36 ആശുപത്രികളിൽ ഒന്നുപോലും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുറഞ്ഞത് 4,000 കുട്ടികൾ ഉൾപ്പെടെ 18,500-ലേറെ രോഗികൾക്ക് അടിയന്തരമായി ചികിത്സക്കായി ഗസ്സക്ക് പുറത്തേക്ക് മാറ്റേണ്ടതുണ്ടെന്നും മന്ത്രാലയം പറഞ്ഞു. ചികിത്സക്കായി മാറ്റുന്നതിനായി കാത്തിരിക്കെ 1,000-ലേറെ പേർ ഇതിനകം മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

വെടിനിർത്തലിനിടയിലും ആക്രമണം തുടരുന്നു

വെള്ളിയാഴ്ച ഗസ്സയുടെ മധ്യഭാഗത്തെ അഭയാർഥി ക്യാമ്പ് മേഖലകളിൽ ഇസ്രായേൽ സേന വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലും ഇസ്രായേൽ ടാങ്കുകൾ കനത്ത വെടിവയ്പ് നടത്തി. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച, വ്യോമാക്രമണങ്ങളിലും ഷെല്ലാക്രമണങ്ങളിലും കുറഞ്ഞത് എട്ട് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ നിയന്ത്രിത പ്രദേശങ്ങളെയും ഫലസ്തീൻ മേഖലകളെയും വേർതിരിക്കുന്നതിനായി നിശ്ചയിച്ചിരുന്ന ‘യെല്ലോ ലൈൻ’ ഏകപക്ഷീയമായി മാറ്റുന്നതിലൂടെ ഫലസ്തീനികളെ കൂടുതൽ ഇടുങ്ങിയ പ്രദേശങ്ങളിലേക്ക് തള്ളിവിടുകയാണെന്നും സംഘടനകൾ ആരോപിച്ചു.

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 1,471 ഫലസ്തീനികൾ കൊല്ലപ്പെടുകയും 5,189 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം ആകെ 74,254 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും അതിൽ കുറഞ്ഞത് 21,000 കുട്ടികളുണ്ടെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യഥാർഥ മരണസംഖ്യ ഇതിലും ഉയർന്നതായിരിക്കാമെന്നും സംഘടനകൾ പറയുന്നു. ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത മരണങ്ങൾ മാത്രമാണ് മന്ത്രാലയത്തിന്റെ കണക്കുകൾ. കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളും കാണാതായവരും ഈ കണക്കിൽ ഉൾപ്പെടുന്നില്ല.

“ഉത്തരവാദിത്തം അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചുമൂടാനാകില്ല,” അംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കാലമാർഡ് പറഞ്ഞു. ഇസ്രായേലിനെ ഉത്തരവാദിത്തത്തിലേക്ക് കൊണ്ടുവരുന്നതിലും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർബന്ധിത ഉത്തരവുകൾ പാലിക്കാൻ സമ്മർദം ചെലുത്തുന്നതിലും തുടരുന്ന പരാജയം ഫലസ്തീനികൾക്കെതിരായ വൻതോതിലുള്ള അതിക്രമങ്ങൾക്ക് വഴിയൊരുക്കുകയാണെന്നും അവർ ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ceasefire only on paper; NGOs report 1,471 people, including children, killed in Gaza
Next Story