ഗസ്സ വെടിനിർത്തൽ: തിരക്കിട്ട ചർച്ചകൾ, നെതന്യാഹു നാളെ യു.എസിലെത്തും
text_fieldsഅങ്കാറ: ഗസ്സ വെടിനിർത്തൽ ചർച്ചകൾ അന്ത്യഘട്ടത്തിലെന്ന് സൂചന. ഈജിപ്ത്, ഖത്തർ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കാൻ ഒരുക്കമാണെന്നും എന്നാൽ, താൽക്കാലിക വെടിനിർത്തൽ യുദ്ധവിരാമത്തിന്റെ തുടക്കമാകണമെന്നും ഹമാസ് അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തുർക്കിയ നഗരമായ ഇസ്തംബുളിൽ ഹമാസ് നേതാക്കളുടെ ചർച്ച പുരോഗമിക്കുകയാണ്. മറ്റ് ഫലസ്തീനി സായുധ ഗ്രൂപ്പുകളുമായി വിഷയം ചർച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നാണ് ഹമാസ് പ്രതികരണം.
12 ദിവസം നീണ്ട ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ വെടിനിർത്തൽ നടപ്പാക്കുന്നതിൽ വിജയിച്ചതിനു പിറകെ ഗസ്സയിലും സമാധാനശ്രമങ്ങൾക്ക് യു.എസ് രംഗത്തെത്തിയിരുന്നു. ഒരാഴ്ചക്കകം ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വാഷിങ്ടണിലേക്ക് പറക്കുന്നുണ്ട്.
ഗസ്സയിൽ സമ്പൂർണ യുദ്ധവിരാമം വേണമെന്ന് ഹമാസ് പറയുമ്പോൾ അത് അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. യു.എസിൽ ട്രംപ്- നെതന്യാഹു ചർച്ചകൾക്കുശേഷം തിങ്കളാഴ്ച വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10 ബന്ദികളെയും 18 മൃതദേഹങ്ങളും ഹമാസ് വിട്ടയക്കുമെന്നും പകരം നിരവധി തടവുകാരെ ഇസ്രായേലും മോചിപ്പിക്കുമെന്നുമാണ് കരാർ വ്യവസ്ഥകളിൽ പ്രധാനം.
ഘട്ടംഘട്ടമായി ഇസ്രായേൽ സേന ഗസ്സയിൽനിന്ന് പിന്മാറ്റം ആരംഭിക്കും. പൂർണ യുദ്ധവിരാമ ചർച്ചകൾ അനുബന്ധമായി നടക്കും. 2023ലെ ആക്രമണത്തിൽ 251 പേരെ ഹമാസ് ബന്ദിയാക്കിയതിൽ 50 ഓളം പേർ ഇപ്പോഴും ഹമാസ് നിയന്ത്രണത്തിലുണ്ടെന്നാണ് സൂചന. ഇവരിൽ പകുതി പേർ ജീവനോടെയുമുണ്ട്. ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ കടത്തിവിടുന്നതിലെ നിയന്ത്രണം അവസാനിപ്പിക്കണമെന്ന ഹമാസ് ആവശ്യവും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

