ഗസ്സ വെടിനിർത്തൽ: യു.എൻ പ്രമേയത്തിൽ വോട്ട് ചെയ്യാതെ ഇന്ത്യ
text_fieldsന്യൂഡൽഹി: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. യു.എൻ രക്ഷാസമിതി അംഗങ്ങൾകൂടിയായ ചൈന, ഫ്രാൻസ്, റഷ്യ, യു.കെ എന്നിവർക്കൊപ്പം 149 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. യു.എസടക്കം 12 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യയടക്കം 19 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഗസ്സയിൽ 19 മാസമായി ഇസ്രായേൽ വംശഹത്യയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 55,000 കവിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ചത്.
മൂന്ന് വർഷത്തിനിടെ നാലാം തവണയാണ് പൊതുസഭയിൽ സമാനമായ പ്രമേയം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ വെടിനിർത്തൽ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തിരുന്നു. ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന മോദി സർക്കാർ നയപ്രകാരമാണ് ഇന്ത്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതെന്നാണ് സൂചന.
ബാക്കിയുള്ള ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണമെന്നും ഗസ്സയിൽ മാനുഷിക സഹായ വിതരണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രമേയം. മാനുഷിക സഹായ വിതരണത്തിന് ഉപരോധം ഏർപ്പെടുത്തി പട്ടിണി ആയുധമാക്കുന്ന ഇസ്രായേൽ നടപടിയെ അപലപിച്ച പ്രമേയം, ഗസ്സയിലെ ഉപരോധം എത്രയും വേഗം നീക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

