ഖബറടക്ക ചടങ്ങിൽ ബോംബിട്ട് ഇസ്രായേൽ; ഗസ്സയിൽ 14 പേർക്ക് ദാരുണാന്ത്യം
text_fieldsനുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണത്തിനുശേഷമുള്ള ദൃശ്യം.
ഗസ്സ: ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗസ്സയിൽ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ 14 പേർക്ക് ദാരുണാന്ത്യം. ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീനിയുടെ ഖബറടക്ക ചടങ്ങിന് നേരെയുണ്ടായ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ഒന്നിലധികം ആക്രമണങ്ങളിലാണ് 14 പേർ കൊല്ലപ്പെട്ടത്. ഇതിൽ പകുതിപേർ കൊല്ലപ്പെട്ടത് ഖബറടക്ക ചടങ്ങിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ്. ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചിട്ട് ഒമ്പത് മാസമായെങ്കിലും ഇസ്രായേൽ ദിവസേന കരാർ ലംഘിക്കുകയാണ്.
വെള്ളിയാഴ്ച മധ്യ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിലെ അൽ-ബലാറ്റ മാർക്കറ്റ് പ്രദേശത്ത് സാധാരണക്കാരുടെ ഒത്തുചേരലിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. 20 പേർക്ക് പരിക്കേറ്റതായി അൽ-അവ്ദ ആശുപത്രി കൂട്ടിച്ചേർത്തു.
ഇതേ പ്രദേശത്ത് നടന്ന മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനിയുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെയാണ് ഡ്രോൺ ലക്ഷ്യമിട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിനിർത്തൽ കരാർ കാറ്റിൽപ്പറത്തിയാണ് ജനക്കൂട്ടത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം, ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചതായി എ.എഫ്.പി വാർത്താ ഏജൻസി വ്യക്തമാക്കി.
മധ്യ ഗസ്സയിലെ ഒരു "തീവ്രവാദ" സെല്ലിൽ ആക്രമണം നടത്തിയതായി സൈന്യം അവകാശപ്പെട്ടു. എന്നാൽ, ആക്രമണത്തിൽ നിരപരാധികളായ നിരവധിയാളുകൾക്ക് അപകടം സംഭവിച്ചെന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും സൈന്യം കൂട്ടിച്ചേർത്തു. ആക്രമണത്തെ ഫലസ്തീൻ സംഘടനയായ ഹമാസ് അപലപിച്ചു. ‘ഗസ്സയിലെ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ചുകൊണ്ട് ഇസ്രായേൽ നിരപരാധികളായ സാധാരണക്കാരെ കൊല്ലുകയും ഭീതിയിലാഴ്ത്തുകയും ചെയ്യുകയാണ്. മധ്യസ്ഥ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും മുന്നിൽ വെച്ചാണ് ഇത്തരം ക്രൂരമായ ആക്രമണങ്ങൾ തുടരുന്നതെന്നും ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ബുറൈജ് അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണത്തിന് ശേഷം തങ്ങളുടെ സാധനങ്ങൾ തിരയുന്ന ഫലസ്തീൻ ജനത.
വെള്ളിയാഴ്ച പുലർച്ചെ വടക്കൻ നഗരമായ ബെയ്ത് ലാഹിയയിലെ അബു തമാം സ്കൂളിന് സമീപം ഇസ്രായേൽ ഡ്രോൺ ബോംബ് ഇട്ടതിനെ തുടർന്ന് 52 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. മധ്യ ഗസ്സയിലെ അസ്-സവയ്ദയിലും, അഭയാർഥികൾ താമസിച്ചിരുന്ന അൽ-സവർഹയിലെ ഒരു താൽക്കാലിക കെട്ടിടത്തിന് നേരെയും ഉണ്ടായ ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ ഒരു ഫ്ലാറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഖാൻ യൂനിസിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പിൽ പരിക്കേറ്റ സ്ത്രീയും മരിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽ വന്നിട്ടും ഗാസയിലെ ജനങ്ങൾക്ക് ഒരു ദിവസത്തെപ്പോലും സമാധാനം ലഭിച്ചിട്ടില്ല. യുദ്ധ നിരീക്ഷക സംഘടനയായ ACLED (Armed Conflict Location & Event Data) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മെയ് മാസത്തിന് ശേഷം ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മാസം മാത്രം 40ലധികം വൻ ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്.
ഇതോടെ ഗസ്സയിലെ യുദ്ധം എപ്പോൾ അവസാനിക്കും, തകർന്ന പ്രദേശങ്ങൾ എപ്പോൾ പുനർനിർമിക്കാനാകും, സാധാരണ ജീവിതത്തിലേക്ക് ഫലസ്തീൻ ജനതക്ക് എപ്പോൾ മടങ്ങാനാകും എന്നീ ചോദ്യങ്ങൾ വീണ്ടും ഉയരുകയാണ്. ഇസ്രയേൽ ദിനപത്രമായ ഹാരെറ്റ്സ് വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം കുട്ടികളെ കൊല്ലുന്നത് പതിവ് സംഭവമായി മാറിയെന്ന് ആരോപിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇതുവരെ 274 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

