ഗസ്സയിലേക്ക് പുറപ്പെട്ട സുമുത് ഫ്ലോട്ടിലക്ക് നേരെ ഇസ്രായേൽ ആക്രമണം; യുദ്ധ കപ്പൽ വിന്യസിച്ച് ഫ്ലോട്ടിലക്ക് അകമ്പടിയുമായി ഇറ്റലി
text_fieldsറോം: ഇസ്രായേൽ വംശഹത്യ തുടരുന്ന ഗസ്സക്ക് സഹായവുമായി പുറപ്പെട്ട 51 ചെറുകപ്പലുകളടങ്ങിയ ഗ്ലോബൽ സുമുദ് ഫ്ലോട്ടിലക്കുനേരെ ആക്രമണവുമായി ഇസ്രായേൽ. ഗ്രീക്ക് ദ്വീപായ ക്രെറ്റെ തീരത്തുനിന്ന് പുറപ്പെട്ടയുടൻ കപ്പലുകളിൽ സ്ഫോടക വസ്തുക്കൾ പതിച്ച് നാശമുണ്ടായതായി വിഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ചില ബോട്ടുകളെ ഡ്രോണുകൾ പിന്തുടർന്നതായും സഞ്ചാരികൾ പറഞ്ഞു. ‘‘നിരവധി ഡ്രോണുകൾ മുകളിൽനിന്ന് തിരിച്ചറിയാനാകാത്ത വസ്തുക്കൾ വർഷിച്ചു. വാർത്താവിനിമയം മുടക്കി. കൂടുതൽ ബോട്ടുകളിൽനിന്ന് സ്ഫോടനം കേട്ടു’’- ബന്ധപ്പെട്ടവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അപായം സംബന്ധിച്ച് ഇവർ സ്ഥിരീകരിച്ചിട്ടില്ല.
നിലവിൽ ഗ്രീസ് തീരങ്ങൾക്കു സമീപം സഞ്ചരിക്കുന്ന ഫ്ലോട്ടില വരും ദിവസങ്ങളിൽ ഗസ്സക്കരികിലെത്തുന്നതോടെ ഇസ്രായേൽ എന്ത് നടപടി സ്വീകരിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
44 രാജ്യങ്ങളിലെ 300ലേറെ പ്രവർത്തകരാണ് കഴിഞ്ഞ മാസം സ്പെയിനിലെ ബാഴ്സലോണയിൽനിന്ന് പുറപ്പെട്ട കപ്പലുകളിലുള്ളത്. സ്വീഡിഷ് കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബെർഗും സംഘത്തിലുണ്ട്. 2023 ഒക്ടോബറിൽ ഇസ്രായേൽ വംശഹത്യ ആരംഭിച്ച ശേഷം ഏറ്റവും വലിയ നാവിക സംഘമാണ് ഗസ്സ ലക്ഷ്യമിട്ടെത്തുന്നത്. നേരത്തെ തുനീഷ്യയിലെ തുറമുഖത്ത് നിർത്തിയിട്ടപ്പോൾ കപ്പൽക്കൂട്ടത്തിനുനേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു.
പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാവിക സേന യുദ്ധ കപ്പൽ അയച്ചതായി ഇറ്റലി പ്രതിരോധ മന്ത്രി ഗ്വിഡോ ക്രോസെറ്റോ പറഞ്ഞു. കപ്പലുകളിലെ ഇറ്റാലിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നാവിക സേനയുടെ കപ്പൽ ഫസാൻ ഫ്ലോട്ടിലയെ അനുഗമിക്കുന്നത്. ജൂൺ, ജൂലൈ മാസങ്ങളിൽ പുറപ്പെട്ട ഫ്ലോട്ടിലകളെ ആക്രമിക്കുകയും തടയുകയും ചെയ്ത ഇസ്രായേൽ ഇതിനെയും കടത്തിവിടില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

