ഏഴ് യുദ്ധമുഖങ്ങളിൽ നിന്ന് ഇസ്രായേൽ ആക്രമിക്കപ്പെടുന്നുവെന്ന് പ്രതിരോധ മന്ത്രി യോവ് ഗല്ലന്‍റ്
text_fieldsതെൽ അവിവ്: ഇസ്രായേലിന് നേരെ ഏഴ് യുദ്ധമുഖങ്ങളിൽ നിന്ന് ആക്രമണം നടക്കുന്നുവെന്ന് പ്രതിരോധ മന്ത്രി യോവ് ഗല്ലന്‍റ്. ഇവയിൽ ആറിന് നേരെയും ഇസ്രായേൽ സൈന്യം പ്രത്യാക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
'ഒരു ബഹുമുഖ യുദ്ധത്തെയാണ് നാം നേരിടുന്നത്. ഏഴ് വ്യത്യസ്ത മേഖലകളിൽ നിന്നായി ഇസ്രായേൽ ആക്രമണം നേരിടുകയാണ്. ഗസ്സ, ലെബനൻ, സിറിയ, വെസ്റ്റ് ബാങ്ക്, ഇറാഖ്, യെമൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് ആക്രമണം' -ഇസ്രായേൽ പാർലമെന്‍റിന്‍റെ വിദേശകാര്യ-പ്രതിരോധസമിതി യോഗത്തിൽ യോവ് ഗല്ലന്‍റ് പറഞ്ഞു.
'ഇവയിൽ ആറെണ്ണത്തിന് നേരെ ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടുണ്ട്. ഇവിടെ ഒരു കാര്യം ഞാൻ വ്യക്തമാക്കുകയാണ്, ഇസ്രായേലിനെതിരെ പ്രവർത്തിക്കുന്ന ആരും ഞങ്ങളുടെ ലക്ഷ്യമായി മാറും. അതിൽ ആർക്കും ഇളവുണ്ടാകില്ല' -ഗല്ലന്‍റ് പറഞ്ഞു.
ഗസ്സയിലേത് ദൈർഘ്യമേറിയതും കടുത്തതുമായ യുദ്ധമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിന് അതിന്‍റേതായ വലിയ വിലനൽകേണ്ടിയും വരും. എന്നാൽ, അത് ന്യായീകരിക്കപ്പെടും. എങ്ങനെ സുരക്ഷയൊരുക്കാമെന്ന് അധികൃതർക്ക് അറിയാത്ത ഒരിടത്ത് ജീവിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. നമുക്ക് നമ്മുടെ ലക്ഷ്യത്തോട് നിശ്ചയദാർഢ്യവും സഹിഷ്ണുതയും ശക്തിയും ദേശീയതയും വേണം. ആർക്കാണോ ശക്തിയുള്ളത് അവർ അതിജീവിക്കുന്ന ഒരു യുദ്ധമാണിത്. ഇത് രാജ്യത്തിന്‍റെ നിശ്ചയദാർഢ്യത്തിന്‍റെ പോരാട്ടമാണ്. നമ്മൾ ഹമാസിനെ പരാജയപ്പെടുത്തുക തന്നെ ചെയ്യും -പ്രതിരോധ മന്ത്രി പറഞ്ഞു. ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ ആരംഭിച്ച യുദ്ധം മൂന്ന് മാസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രി യോവ് ഗല്ലന്‍റിന്‍റെ പ്രസ്താവന.
അതേസമയം, ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേൽ പരാജയപ്പെട്ടിരിക്കുന്നുവെന്ന് പ്രതിരോധ സേന മുൻ തലവൻ ഡാൻ ഹാലുട്സ് മറ്റൊരു പരിപാടിയിൽ സംസാരിക്കവേ പറഞ്ഞു. ബിന്യമിൻ നെതന്യാഹു പ്രധാനമന്ത്രി പദവിയിൽ നിന്ന് ഇറങ്ങിയാൽ മാത്രമേ ഇസ്രായേലിന് വിജയം കൈവരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിലെ ഹൈഫയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകരുമായി നടത്തിയ സംഭാഷണത്തിലാണ് ഡാൻ ഹാലുട്സിന്‍റെ പ്രസ്താവന. ഇസ്രായേലി ചാനൽ 14 സംപ്രേഷണം ചെയ്ത പരിപാടിയിൽ ഹാലുട്സിന്‍റെ വാക്കുകൾ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

