യുക്രെയ്ന് കൂടുതൽ സഹായമെത്തിക്കാൻ ജി-7 രാഷ്ട്രങ്ങൾ
text_fieldsകിയവ്: ജി-7 രാജ്യങ്ങളിൽനിന്ന് കൂടുതൽ സഹായം തേടി യുക്രെയ്ൻ. കൂടുതൽ പ്രകൃതി വാതകവും യുദ്ധമുഖത്തേക്കായി ആധുനിക ടാങ്കുകളും ദീർഘദൂര ആയുധങ്ങളും വേണമെന്നാണ് ആവശ്യം. സൈനികർക്കായുള്ള സന്നാഹങ്ങളും പടക്കോപ്പുകളും വേണമെന്നും പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ജി-7 യോഗത്തിൽ വിഡിയോ കോൺഫറൻസ് വഴി സംസാരിക്കവെ അഭ്യർഥിച്ചു. യുദ്ധത്തിന് നയതന്ത്ര പരിഹാരമുണ്ടാക്കാൻ റഷ്യ ശ്രമിക്കണം. ക്രിസ്മസോടെ മോസ്കോ സേനയെ പിൻവലിക്കണം. യുക്രെയ്നിൽനിന്ന് റഷ്യ സേനയെ പിൻവലിക്കുകയാണെങ്കിൽ ആക്രമണങ്ങൾ അവസാനിച്ചു എന്നാണ് അർഥം. ക്രിസ്മസ് കാലത്തും റഷ്യ ഇങ്ങനെ ചെയ്യാതിരിക്കുന്നതിന് ഒരു ന്യായവും കാണുന്നില്ല -അദ്ദേഹം തുടർന്നു.
കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, യു.എസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-7. യൂറോപ്യൻ യൂനിയനും ഇതിന്റെ ഭാഗമാണ്. യുക്രെയ്നിന്റെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ജി-7 സന്നദ്ധമായതായാണ് റിപ്പോർട്ട്. റഷ്യ സിവിലിയന്മാർക്കുനേരെയുള്ള ആക്രമണം തുടരുകയാണെങ്കിൽ യുക്രെയ്ന് പ്രതിരോധത്തിനായി ദീർഘ ദൂര മിസൈലുകൾ നൽകുന്നതിൽ തുറന്ന മനസ്സാണുള്ളതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെൻ വാലസ് പറഞ്ഞു.
കഴിഞ്ഞ ദിവസം റഷ്യ ഇറാൻ നിർമിത ഡ്രോണുപയോഗിച്ച് ആക്രമണം നടത്തിയ യുക്രെയ്നിലെ ഒഡേസ തുറമുഖം വീണ്ടും തുറന്നു. ആക്രമണത്തെ തുടർന്ന് ബ്രിട്ടൻ 12 റഷ്യൻ സൈനിക കമാൻഡർമാർക്കും ഡ്രോണുകൾ നിർമിച്ച് വിതരണം ചെയ്യുന്ന ഇറാനിലെ വ്യാപാരികൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തി.
കനത്ത ഏറ്റുമുട്ടൽ നടക്കുന്ന യുക്രെയ്നിലെ കിഴക്കൻ ഡോണസ്ക് മേഖലയുടെ പകുതിയിലധികവും റഷ്യൻ നിയന്ത്രണത്തിലാണെന്ന് മോസ്കോ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

