സൗദി-ഒമാൻ ഹൈവേയിലൂടെ മുഴുസമയ വാണിജ്യ ട്രക്ക് ഗതാഗതത്തിന് അനുമതി
text_fieldsസൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽസഈദ് സൗദി സകാത്ത്-നികുതി-കസ്റ്റംസ് അതോറിറ്റി ഗവർണർ സുഹൈൽ അബാൻമിയുമായി ചർച്ച നടത്തിയ ശേഷം
റിയാദ്: ശൂന്യ മരുഭൂമി (റുബുഉൽ ഖാലി)യിലൂടെ സൗദി അറേബ്യയെയും ഒമാനെയും ബന്ധിപ്പിച്ച് പുതുതായി നിർമിച്ച ഹൈവേയിലൂടെ 24 മണിക്കൂറും ഇനി വാണിജ്യ ട്രക്കുകൾക്ക് ഗതാഗതം നടത്താം. അതിർത്തി ചെക്ക്പോസ്റ്റ് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് സൗദി അറേബ്യയിലെ ഒമാൻ എംബസി അറിയിച്ചു. നേരത്തേ 12 മണിക്കൂർ ആയിരുന്നു ട്രക്കുകൾക്ക് സർവിസ് നടത്താൻ സാധിച്ചിരുന്നുള്ളു.
സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽ സഈദ് സൗദി സകാത്ത്-നികുതി-കസ്റ്റംസ് അതോറിറ്റി ഗവർണർ സുഹൈൽ അബാൻമിയുമായി ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് ചെക്ക്പോസ്റ്റ് 24 മണിക്കൂറും തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ചത്.
ഹൈവേയുടെ സുരക്ഷയുടെ ഭാഗമായി റോയൽ ഒമാൻ പൊലീസ് അതിർത്തി ചെക്ക്പോസ്റ്റിൽ തുടക്കത്തിൽതന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. പാസ്‌പോർട്ട്, റസിഡൻസ് കാർഡ്, നികുതി ക്ലിയറൻസ്, ഓഡിറ്റ്, കയറ്റുമതി, ഇറക്കുമതി പരിശോധന എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ നൽകുന്നതിനുള്ള വിപുലമായ സംവിധാനങ്ങളും ഉപകരണങ്ങളുമാണ് അതിർത്തിയിൽ സജ്ജീകരിച്ചിട്ടുള്ളത്. 24 മണിക്കൂറും ട്രക്കുകൾക്ക് പാത തുറന്നുകൊടുക്കുന്നത് ഇരുരാജ്യങ്ങളിലെയും ചരക്കുനീക്കം കൂടുതൽ സുഗമമാക്കുമെന്നാണ് കരുതുന്നത്.
അതേസമയം, ഒമാന്‍ - സൗദി റോഡ് വഴി ഈവർഷം ഇതിനകം നാലുലക്ഷത്തോളം പേർ യാത്ര ചെയ്തതായി ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതികമന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്വാലി നേരത്തേ അറിയിച്ചിരുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനകം യാത്രക്കാരുടെ എണ്ണവും ചരക്കു കടത്തും മൂന്നിരട്ടിവരെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചുലക്ഷം ടണ്ണോളം ചരക്കുനീക്കവും ഈവർഷം സെപ്റ്റംബർ ആദ്യവാരംവരെ നടന്നിട്ടുണ്ട്.
റുബുഉൽ ഖാലിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേ കഴിഞ്ഞവർഷം ഡിസംബർ ഏഴിനായിരുന്നു ഉദ്ഘാടനം ചെയ്തത്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റോഡ് തുറന്നുകൊടുത്തത്.മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണിത്. നേരത്തേ യു.എ.ഇയിലൂടെ കടന്നുപോകുന്ന 1638 കിലോമീറ്റര്‍ ദൂരമുള്ള റൂട്ടായിരുന്നു സൗദിയുമായി ഒമാനെ ബന്ധിപ്പിച്ചിരുന്ന ഏക കരമാര്‍ഗം. ഈ യാത്രക്ക് 16 മുതല്‍ 18 വരെ മണിക്കൂര്‍ എടുക്കുമായിരുന്നു.
എന്നാല്‍, പുതിയ റോഡ് വന്നതോടെ 800 കിലോമീറ്റര്‍ ദൂരം കുറഞ്ഞു. ഇബ്രിയിലെ തനാമില്‍നിന്നാണ് ഒമാനില്‍ റോഡ് ആരംഭിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ക്ക് റോഡ് ഉപയോഗിച്ചുവരുന്നുണ്ട്. ഖരീഫ് സമയത്ത് നിരവധി ആളുകളാണ് ഈ പാതയിലൂടെ ഒമാനിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

