സ്ഫോടനം: ഇസ്രായേലികൾക്ക് ഇന്ത്യ സുരക്ഷയൊരുക്കുമെന്ന് പൂർണ വിശ്വാസം -നെതന്യാഹു
text_fieldsജറൂസലേം / ന്യൂഡൽഹി: ഡൽഹിയിലെ തങ്ങളുടെ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പ്രതികരണവുമായി ഇസ്രായേൽ. സംഭവത്തെക്കുറിച്ച് ഇന്ത്യ സമഗ്ര അന്വേഷണം നടത്തുമെന്നും, ഇസ്രായേലികളുടെയും ജൂതരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന കാര്യത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഇസ്രായേൽ അധികൃതരുമായി സംഭവത്തിൽ ആശയവിനിമയം നടത്തുകയായിരുന്നു. ഇതിനുപിന്നാലെയായിരുന്നു നെതന്യാഹുവിൻെറ പ്രതികരണം. നേരത്തെ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസിയുമായും സംസാരിച്ചിരുന്നു.
എംബസിക്ക് 150 മീറ്റര്‍ മാത്രം മാറി വെള്ളിയാഴ്ച വൈകുന്നേരം 5.05 ഓടെയായിരുന്നു സ്ഫോടനം. റിപബ്ലിക് ദിനാഘോഷത്തിന് സമാപനംകുറിക്കുന്ന ബീറ്റിങ് ദ ട്രീറ്റ് വിജയ് ചൗക്കിൽ നടക്കുന്നതിന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു തീവ്രത കുറഞ്ഞ സ്ഫോടനം. നടപ്പാതക്ക് സമീപമായിരുന്നു സ്‌ഫോടനമെന്നും മൂന്ന് കാറുകളുടെ വിൻഡ്‌സ്ക്രീനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായുമാണ് ഡൽഹി പൊലീസ് അറിയിച്ചത്. സ്ഥലത്ത് ഇപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.