പ്രതിദിനം 1,30,000 ലിറ്റർ ഡീസൽ ഗസ്സക്ക് നൽകുമെന്ന് ഈജിപ്ത്
text_fieldsഗസ്സ: ഗസ്സക്ക് പ്രതിദിനം 1,30,000 ലിറ്റർ ഡീസൽ നൽകുമെന്ന് ഈജിപ്ത്. വെടിനിർത്തലുള്ള നാല് ദിവസങ്ങളിലും ഇത്തരത്തിൽ ഗസ്സക്ക് ഇന്ധനം നൽകും. ഇതിന് പുറമേ നാല് ട്രക്ക് ഗ്യാസും ഗസക്ക് നൽകുമെന്ന് ഈജിപ്ത് വ്യക്തമാക്കി.
ഇന്ധനക്ഷാമമാണ് ഇസ്രായേൽ അധിനിവേശ സമയത്ത് ഗസ്സ നേരിട്ട പ്രധാന വെല്ലുവിളികളിലൊന്ന്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റിയിരുന്നു. അതേസമയം, യു.എൻ മനുഷ്യാവകാശ ഓഫീസിന്റെ കണക്ക് പ്രകാരം 75,000 ലിറ്റർ ഡീസൽ ബുധനാഴ്ച ഗസ്സയിലെത്തിയിരുന്നു. യു.എന്നിന്റെ പ്രവർത്തനങ്ങൾക്കായി ഡീസൽ നൽകുമെന്ന് ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നു.
ഫലസ്തീൻ പെട്രോളിയം പബ്ലിക് കമീഷന്റെ കണക്ക് പ്രകാരം ഗസ്സ മുനമ്പിന് പ്രതിമാസം 12 മില്യൺ ലിറ്റർ ഡീസൽ വേണം. ഇതിനൊപ്പം ഗസ്സയിലെ പവർ പ്ലാന്റുകൾക്കും ആശുപത്രികൾക്കുമായും വേറെ ഇന്ധനവും വേണം.
വ്യാഴാഴ്ച രാവിലെ മുതൽ ഗസ്സയിലുടനീളം കര, വ്യോമ മാർഗങ്ങളിലൂടെ താമസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് ഇസ്രായേൽ സേന നടത്തിയത്. ഹമാസിന്റെ സൈനികകേന്ദ്രവും ഭൂഗർഭ അറയും ആയുധസംഭരണ കേന്ദ്രങ്ങളും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് വിശദീകരണം. യുദ്ധം നിർത്താൻ ഉദ്ദേശ്യമില്ലെന്നും അന്തിമ വിജയം കൈവരിക്കുംവരെ മുന്നോട്ടുപോകുമെന്നും ഇസ്രായേലി സൈനിക മേധാവി ഹെർസി ഹാലവി പ്രഖ്യാപിക്കുകയും ചെയ്തു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേരുടെ ആദ്യ സംഘത്തെയാണ് വെള്ളിയാഴ്ച മോചിപ്പിക്കുന്നത്. എത്ര ഫലസ്തീനികൾ വെള്ളിയാഴ്ച മോചിപ്പിക്കപ്പെടുമെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല.സമ്പൂർണ വെടിനിർത്തലും, മേഖലയിലെ സമാധാനം പുനസ്ഥാപിക്കലുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

