കോവിഡിനെ നേരിടാൻ 'ഒരേ ഭൂമി, ഒരേ ആരോഗ്യം' സമീപനം വേണം; ജി7ൽ മോദിയുടെ നിർദേശം
text_fieldsന്യൂഡൽഹി: ജി7 ഉച്ചകോടിയിൽ കോവിഡ് മഹാമാരിക്കെതിരെ ലോകം ഒന്നിച്ച് പോരാടേണ്ടതിന്‍റെ പ്രാധാന്യം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിലെ വിർച്വൽ ഒൗട്ട്റീച്ച് സെഷനിൽ വിഡിയോ കോൺഫറൻസ് വഴിയാണ് മോദി പങ്കെടുത്തത്.
ഭാവിയിലുണ്ടാകാൻ പോകുന്ന മഹാമാരികളെ പ്രതിരോധിക്കാൻ ആഗോള ഐക്യവും നേതൃത്വവും ഐക്യദാർഢ്യവും ആവശ്യമാണെന്ന് മോദി പറഞ്ഞു. കോവിഡ് വാക്സിനുകളുടെ പേറ്റന്‍റ് നിബന്ധനകൾ ഒഴിവാക്കാൻ ജി7 രാഷ്ട്രങ്ങൾ ഇടപെടണം. കോവിഡിനെ ഫലപ്രദമായി നേരിടാൻ 'ഒരേ ഭൂമി, ഒരേ ആരോഗ്യം' എന്ന നയമാണ് വേണ്ടത്. ലോകത്തിന്‍റെയാകെ ആരോഗ്യ ഉന്നമനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് -മോദി പറഞ്ഞു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടതിനെ ജി7 രാജ്യങ്ങൾ പിന്തുണക്കണമെന്നും മോദി പറഞ്ഞു.
ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് വാക്സിൻ അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖല തുറന്നിടണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യത്തോട് ജി7 നേതാക്കൾ അനുകൂലമായി പ്രതികരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഉച്ചകോടിയുടെ സമാപന ദിവസമായ നാളെ രണ്ട് സെഷനിൽ കൂടി മോദി സംസാരിക്കും.
ബ്രിട്ടൺ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ് എന്നീ രാജ്യങ്ങളാണ് ജി7ലെ അംഗങ്ങൾ. പ്രത്യേക ക്ഷണിതാവായാണ് മോദി പങ്കെടുക്കുന്നത്.