ഫ്രാൻസിൽ മേയറുടെ വീട്ടിലേക്ക് കാറോടിച്ചുകയറ്റി പ്രക്ഷോഭകാരികൾ; ഭാര്യക്കും മകനും പരിക്ക്
text_fieldsപാരീസ്: ഫ്രാൻസിൽ കനത്ത സുരക്ഷയൊരുക്കിയിട്ടും പ്രക്ഷോഭം തുടരുന്നു. നാഹിലിന്‍റെ മരണത്തിന് പിന്നാലെ ഫ്രാൻസിൽ ഉടലെടുത്ത രാജ്യവ്യാപക പ്രതിഷേധം അഞ്ചാം ദിനം രാത്രിയിലും തുടർന്നു.
കഴിഞ്ഞ ജൂൺ 27ന് പാരിസ് പ്രാന്തപ്രദേശമായ നാന്റേറിൽ പട്ടാപ്പകലാണ് 17കാരനായ നാഹിൽ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. ആക്രമങ്ങളിൽ കുറവുണ്ടായെങ്കിലും പൂർണമായി നിയന്ത്രിക്കാനായിട്ടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. കഴിഞ്ഞദിവസം 719 പേരാണ് അറസ്റ്റിലായത്. ഇതിനിടെ സൗത് പാരീസ് ടൗൺ മേയറുടെ വീട്ടിലേക്ക് പ്രക്ഷോഭകാരികൾ കാർ ഓടിച്ചുകയറ്റി. അക്രമത്തിൽ ഭാര്യക്കും മകനും പരിക്കേറ്റതായി മേയർ പറഞ്ഞു.
പ്രക്ഷോഭകാരികൾ തന്റെ വീട്ടിലേക്ക് ഒരു കാർ ഇടിച്ചുകയറ്റുകയും തീയിടുകയും ചെയ്തെന്നും ഈസമയം കുടുംബം ഉറങ്ങുകയായിരുന്നുവെന്നും മേയർ വിൻസെന്റ് ജീൻബ്രൂൺ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളായ പാരീസ്, ലിയോൺ, മാർസെയിൽ എന്നിവിടങ്ങളിൽ 45,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
10 ഷോപ്പിങ് മാളുകൾ, 200 സൂപ്പർമാർക്കറ്റുകൾ, 250 പുകയില കടകൾ, 250 ബാങ്ക് ഔട്ട്‍ലെറ്റുകൾ എന്നിവ തകർക്കുകയോ, കൊള്ളയടിക്കുകയോ ചെയ്തതായി ധനമന്ത്രി ബ്രൂണോ ലെ മെയറെ അറിയിച്ചു. അഞ്ചാംദിനം രാത്രി കുട്ടികൾ ഉൾപ്പെടെ 719 പേരാണ് അറസ്റ്റിലായത്.
അതേസമയം, നാഹിലിന്‍റെ സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാന്ററെയിലെ മോണ്ട് വലേറിയൻ പള്ളിയിൽ നടന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി. കനത്ത സുരക്ഷാ സന്നാഹമാണ് പള്ളിക്ക് ചുറ്റും ഒരുക്കിയിരുന്നത്. ട്രാഫിക് പൊലീസിന്റെ പരിശോധനക്കിടെ നിർത്താതെ പോയെന്ന് കാണിച്ചാണ് പൊലീസ് വെടിവച്ചത്. നഗരത്തിൽ ടേക്ക്എവേ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു നാഹിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

