സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്നു; ലക്ഷദ്വീപിൽ പ്രതിഷേധം
text_fieldsകൊച്ചി: കവരത്തിയിലെ രണ്ടു റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷക്കെന്നപേരിൽ വാഹന ഗതാഗതം നിരോധിച്ച ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നടപടിയാണ് ഭരണകൂടത്തിന്റേതെന്ന് ദ്വീപ് വാസികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കവരത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. തിങ്കളാഴ്ച ജില്ല കലക്ടറുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കാനും ബഹുജന ഹരജി സമർപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനനിയന്ത്രണം വേണമെന്ന റോഡ് ട്രാൻസ്‌പോർട്ട് ഡയറക്ടറുടെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് കലക്ടറുടെ നടപടി.
കവരത്തിയിലെ വൈ ജങ്ഷൻ മുതൽ ഹെലിപാഡ് വരെയുള്ള ഭാഗത്തും പടിഞ്ഞാറൻ ജെട്ടി ഭാഗത്തെ ബീച്ച് റോഡിലും വൈകീട്ട് 6.30 മുതൽ രാത്രി 10.30 വരെ ഗതാഗതം നിരോധിച്ച ജില്ല കലക്ടർ ശിവംചന്ദ്രയുടെ ഉത്തരവിനെതിരെയാണ് ജനം തെരുവിലിറങ്ങിയത്. പുലർച്ചെ മത്സ്യബന്ധനത്തിന് കടലിൽ പോകുന്ന ദ്വീപ് നിവാസികൾ വൈകീട്ട് അഞ്ചരയോടെയാണ് മത്സ്യവുമായി തീരത്ത് മടങ്ങിയെത്തുന്നത്. തുടർന്ന് ഗുഡ്സ് ഓട്ടോയിൽ മത്സ്യം വിൽപനക്കായി കൊണ്ടുപോകുന്ന റോഡിലാണ് അധികൃതർ നിരോധനം ഏർപ്പെടുത്തിയത്. ജനപ്രതിനിധികളുമായി കൂടിയാലോചനയോ ഗതാഗതത്തിന് ബദൽമാർഗം തേടുകയോ ചെയ്യാതെയാണ് അധികൃതരുടെ ഏകപക്ഷീയ നടപടിയെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം കവരത്തിയിൽ ജനം പ്രതിഷേധിച്ചതോടെ സ്ഥലത്തെത്തിയ ജില്ല കലക്ടറോട് ജനദ്രോഹ നടപടികളിൽനിന്ന് പിന്മാറണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഹംദുല്ല സഈദ് എം.പി ആവശ്യപ്പെട്ടിരുന്നു. നിരോധനവുമായി മുന്നോട്ടു പോവുകയാണെങ്കിൽ തങ്ങളുടേതായ മാർഗത്തിൽ ജനം പ്രതികരിക്കുമെന്നും എം.പി മുന്നറിയിപ്പ് നൽകി.
ഏപ്രിൽ ഏഴിനാണ് ആംബുലൻസ്, അഗ്നിശമന സേന, പൊലീസ് വാഹനങ്ങൾ തുടങ്ങിയ അവശ്യസേവന വിഭാഗങ്ങൾ ഒഴിച്ചുള്ള വാഹനങ്ങളുടെ ഗതാഗതത്തിന് 1988ലെ മോട്ടോർ വാഹന നിയമം സെക്ഷൻ 115 പ്രകാരം നിരോധനം ഏർപ്പെടുത്തിയത്. ഇളവ് അനുവദിച്ച വാഹനങ്ങൾ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ വേഗത മണിക്കൂറിൽ 10 കിലോമീറ്ററിൽ കൂടാൻ പാടില്ല. നിയന്ത്രിത മേഖലകളിൽ ബാരിക്കേഡുകളും സൂചനാ ബോർഡുകളും സ്ഥാപിക്കണം. ട്രാഫിക് പൊലീസ് കർശന പരിശോധന ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

