‘ഞാൻ അമ്പരന്നു പോയി... മരിച്ചെന്ന് വിശ്വസിച്ച എന്റെ ഭാര്യയും മക്കളും കൺമുന്നിൽ! അവർ ജീവനോടെയുണ്ടായിരുന്നു!!’ - ഇസ്രായേൽ വിട്ടയച്ച ഗസ്സ ഫോട്ടോഗ്രാഫർക്ക് ഇത് അവിശ്വസനീയ നിമിഷം
text_fieldsഗസ്സ: ഇസ്രായേൽ ജയിലിൽ ഒന്നരവർഷത്തിലേറെ അന്യായ തടങ്കലിൽ കഴിയവേ, ഗസ്സക്കാരനായ ഫോട്ടോഗ്രാഫർ ഷാദി അബൂ സിദുവിന്റെ പ്രതീക്ഷകൾ മണ്ണടിഞ്ഞു പോയിരുന്നു. ഗസ്സയിൽ കഴിയുന്ന തന്റെ മക്കളെയും ഭാര്യയെയും ഗസ്സ വംശഹത്യക്കിടെ ഇസ്രായേൽ സൈനികർ കൊലപ്പെടുത്തിയെന്ന് ജയിൽ അധികൃതർ ഇയാളോട് പറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ടവരുടെ മയ്യിത്ത് പോലും ഇനി കാണാൻ കഴിയില്ലല്ലോ എന്ന നെഞ്ചുപൊട്ടുന്ന സങ്കടത്തിലായിരുന്നു ഈ യുവാവ് പിന്നീടുള്ള ദിവസങ്ങൾ തടവറയിൽ തള്ളിനീക്കിയിരുന്നത്.
കഴിഞ്ഞ ദിവസം വെടിനിർത്തൽ കരാറിന്റെ ഭാഗമായി, അന്യായമായി ഇസ്രായേൽ തടങ്കലിൽ കഴിയുന്ന 2000 പേരോടൊപ്പം ഷാദി അബൂ സിദുവിനെയും വിട്ടയച്ചു. കുടുംബാംഗങ്ങളുടെ വിയോഗത്തിൽ പ്രതീക്ഷകളെല്ലാം അസ്തമിച്ച ഹൃദയത്തോടെ ഗസ്സയുടെ മണ്ണിൽ കാലുകുത്തിയ അബൂ സിദു, എന്നാൽ തന്റെ കൺമുന്നിൽ അവരെ കണ്ടതോടെ ഒരുനിമിഷം സ്തബ്ധനായിപ്പോയി.
‘അവളുടെ ശബ്ദം ഞാൻ കേട്ടു, എന്റെ മക്കളുടെ ശബ്ദവും.. ഞാൻ അമ്പരന്നുപോയി...! അത് എങ്ങനെ പറഞ്ഞറിയിക്കണമെന്ന് എനിക്കറിയില്ല. വിശദീകരിക്കാൻ കഴിയാത്ത അനുഭൂതിയാണ്!! അവർ ജീവനോടെയുണ്ട്!!!’ -ഷാദി അബൂ സിദു റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. തിങ്കളാഴ്ച ജയിൽ മോചിതനായപ്പോഴാണ് തന്റെ പ്രിയപ്പെട്ടവർ ജീവനോടെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.
ഖാൻ യൂനിസിലെ കുടുംബവീട്ടിലെത്തിയപ്പോൾ ഭാര്യ ഹനാ ബഹ്‍ലൂൽ അദ്ദേഹത്തെ ഏറെനേരം കെട്ടിപ്പിടിച്ചു. ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയ മകളുടെയും മകന്റെയും കവിളുകളിൽ അദ്ദേഹം തുരുതുരെ ചുംബിച്ചു.
അബു സിദുവിനെ 2024 മാർച്ച് 18നാണ് വടക്കൻ ഗസ്സയിലെ അൽ ശിഫ ഹോസ്പിറ്റലിൽ നിന്ന് ഇസ്രായേൽ അധിനിവേശ സേന പിടിച്ചുകൊണ്ടുപോയത്. ഇദ്ദേഹത്തെ ഇസ്രായേൽ തടങ്കലിൽ പാർപ്പിച്ച വിവരം ഫലസ്തീൻ മനുഷ്യാവകാശ സംഘടനയായ അദ്ദമീറിലെ അഭിഭാഷകൻ വഴിയാണ് ഭാര്യ ബഹ്‍ലൂൽ അറിഞ്ഞത്. എന്നാൽ, ബന്ധപ്പെടാൻ മാർഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ജീവിച്ചിരിക്കുന്നവരുടെ ശ്മശാനമാണ് ഇസ്രായേലിലെ ജയിലെന്ന് അബു സിദു വാർത്താ ഏജൻസിയോട് പറഞ്ഞു. തടവറയിൽ വെച്ച് തന്നെ കഠിനമായി മർദിച്ചിരുന്നു. കൈവിലങ്ങ് വെക്കുകയും കണ്ണുകൾ മൂടിക്കെട്ടുകയും ചെയ്തു. ദീർഘനേരം മുട്ടുകുത്തി ഇരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ‘ഞാൻ ഗസ്സയിലേക്ക് മടങ്ങിയെത്തിയപ്പോൾ എന്റെ ആത്മാവ് ശരീരത്തിലേക്ക് തിരിച്ചുവന്നത് പോലെ തോന്നി. എന്നാൽ ഇവിടെ സർവതും നശിപ്പിച്ചത് കണ്ടപ്പോൾ.... ഇനി എങ്ങനെയാണ് എനിക്ക് എല്ലാം ആദ്യം മുതൽ തുടങ്ങാനാവുക?’ -അദ്ദേഹം ദുഃഖത്തോടെ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

