"ഫ്രീ, ഫ്രീ ഫലസ്തീൻ"; സുന്ദർ പിച്ചൈയ്‌ക്കെതിരെ പ്രതിഷേധം, ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാർത്ഥികൾ
text_fieldsസുന്ദർ പിച്ചൈ
കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്‌ക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ഇസ്രായേൽ സർക്കാരുമായുള്ള ഗൂഗിളിന്റെ വിവാദ കരാറിനെതിരെ നൂറിലധികം വിദ്യാർത്ഥികൾ ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച് പുറത്തുപോയി.
2026-ലെ ബിരുദദാന ചടങ്ങിൽ പ്രസംഗിക്കാനായി സുന്ദർ പിച്ചൈ വേദിയിലേക്ക് ഉയർന്നപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. "ഫ്രീ, ഫ്രീ ഫലസ്തീൻ" എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊണ്ട് വിദ്യാർത്ഥികൾ കൂട്ടത്തോടെ സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇസ്രായേൽ സർക്കാരും ഗൂഗിളും ആമസോണും തമ്മിലുള്ള 1.2 ബില്യൺ ഡോളറിന്റെ 'പ്രോജക്റ്റ് നിംബസ്' എന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ പദ്ധതിക്കെതിരെയായിരുന്നു പ്രതിഷേധം. ഗസ്സയിലെ സൈനിക നടപടികൾക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം.
സമീപകാലത്ത് മറ്റ് സാങ്കേതിക പ്രമുഖർക്ക് വിദ്യാർത്ഥികളിൽ നിന്ന് നേരിടേണ്ടി വന്ന കൂവൽ മുൻകൂട്ടി കണ്ട്, പിച്ചൈ തന്റെ പ്രസംഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് ഒരക്ഷരം പോലും സംസാരിച്ചില്ല. പകരം ജീവിതത്തിലെ ശുഭാപ്തിവിശ്വാസത്തെക്കുറിച്ചാണ് അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചത്. "നമ്മൾ ജീവിക്കുന്നത് കടുത്ത വെല്ലുവിളികൾ നിറഞ്ഞ കാലത്താണെങ്കിലും എല്ലായ്പ്പോഴും ശുഭാപ്തിവിശ്വാസം തിരഞ്ഞെടുക്കുക. ഏത് സാഹചര്യത്തിലേക്കാണ് നമ്മൾ ഇറങ്ങുന്നത് എന്ന് തിരഞ്ഞെടുക്കാൻ നമുക്കാവില്ല, പക്ഷേ അതിനെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കാം," പിച്ചൈ പറഞ്ഞു.
തന്റെ പഴയ സ്റ്റാൻഫോർഡ് ക്യാമ്പസ് കാലഘട്ടവും അദ്ദേഹം പ്രസംഗത്തിൽ ഓർത്തെടുത്തു. അതേസമയം, ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും മറുപടി നൽകാതെ സുന്ദർ പിച്ചൈ മൗനം പാലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

