ഇറാനിലെ ഭരണമാറ്റത്തിനുള്ള ഏതൊരു നീക്കവും ഗുരുതര പ്രത്യാഘാതമുണ്ടാക്കും; മുന്നറിയിപ്പുമായി ഫ്രഞ്ച് വിദേശകാര്യമന്ത്രി
text_fieldsപാരീസ്: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ യു.എസ് കൂടി കക്ഷിചേർന്നിരിക്കവെ, വലിയ ആശങ്കയിലാണ് ലോകം. ഇറാനിലെ ഭരണമാറ്റമാണ് ലക്ഷ്യമെന്ന് ഇസ്രായേൽ ആവർത്തിക്കുമ്പോൾ അതിനെ അനുകൂലിക്കുകയാണ് യു.എസും. അതിനിടെ, ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കവും ഗുരുതരപ്രത്യാഘാതമുണ്ടാക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരറ്റ് വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം മേഖലയെ തകർക്കുമെന്നും ആഗോള സ്ഥിരതക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ബാരറ്റ് മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂനിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ബാരറ്റ്.
സ്ഥിതി കൂടുതൽ വഷളാക്കുന്ന നടപടി സ്വീകരിക്കരുതെന്നും ബാരറ്റ് ഇറാനോട് ആവശ്യപ്പെട്ടു. ഇറാൻ വിദേശകാര്യമന്ത്രിയുമായി വെള്ളിയാഴ്ച ബാരറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇസ്രായേൽ വ്യാപകമായി കരാർ ലംഘനം നടത്തുകയാണെന്ന് ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ആക്രമണങ്ങളെ പരാമർശിച്ച് ബാരറ്റ് കുറ്റപ്പെടുത്തി. ജൂലൈയിൽ നടക്കുന്ന അടുത്ത യോഗത്തിൽ ഇ.യു വിദേശകാര്യമന്ത്രിമാർ അതിന്റെ അനന്തരഫലങ്ങൾ വിശദീകരിക്കും. എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനും ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം സാധ്യമാക്കാനും ദ്വിരാഷ്ട്ര പരിഹാരം ഉറപ്പാക്കാനും ഫ്രാൻസ് ദൃഢനിശ്ചയം ചെയ്തതായം ബാരറ്റ് കുട്ടിച്ചേർത്തു. ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാൻ ഫ്രഞ്ച് വിദേശകാര്യമന്ത്രി തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

