ആമസോൺ വനത്തിനുള്ളിൽ കൊടുംകുറ്റവാളികള്‍ക്കായി പുതിയ ജയില്‍
text_fieldsജെറാൾഡ് മൂസ ജീൻ ഡാർമാനിൻ
പാരിസ്: ഫ്രാന്‍സിന്റെ ഓവര്‍സീസ് ടെറിട്ടറിയായ തെക്കെ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽ കൊടും കുറ്റവാളികള്‍ക്കായി അതിസുരക്ഷാ ജയില്‍ നിര്‍മിക്കുന്നു. ആമസോണ്‍ വനത്തിനുള്ളിലെ സാന്‍ലൊറോണ്‍ ദു മറോനി എന്ന സ്ഥലത്താണ് ജയില്‍ നിര്‍മിക്കുന്നത്. ഫ്രാന്‍സിലെ ജയിലിനുള്ളില്‍ ഉദ്യോഗസ്ഥരെ കുറ്റവാളികള്‍ ആക്രമിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് രാജ്യത്തിന് പുറത്ത് മറ്റൊരു ജയിലിലേക്ക് ഇവരെ മാറ്റാന്‍ തീരുമാനിച്ചത്.
ജയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിന്റെ ജസ്റ്റിസ് വകുപ്പ് മന്ത്രി ജെറാൾഡ് മൂസ ജീൻ ഡാർമാനിൻ ഫ്രഞ്ച് ഗയാന സന്ദര്‍ശിച്ചിരുന്നു. പുതിയ ജയിലില്‍ 500 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളാണ് ആദ്യം ഒരുക്കുന്നത്. കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ച് പ്രത്യേകം തരംതിരിച്ചാകും കുറ്റവാളികളെ പാര്‍പ്പിക്കുക. 40 കോടി യൂറോ (ഏകദേശം 3845 കോടി രൂപ) മുടക്കിയാണ് ഫ്രഞ്ച് ഗയാനയില്‍ അതിസുരക്ഷാ ജയില്‍ സ്ഥാപിക്കുക. 2028 ഓടെ പ്രവര്‍ത്തനക്ഷമാകും എന്നാണ് ലഭിക്കുന്ന സൂചനകൾ.
ഫ്രാന്‍സിലെ ജയിലിലുള്ള ലഹരി മാഫിയ സംഘങ്ങള്‍ ജയിലിന് പുറത്തുള്ള സംഘങ്ങളുമായി ആശയവിനിമയം നടത്താറുണ്ട്. ജയിലിനുള്ളിലിരുന്ന് പുറത്തെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നവരുമുണ്ട്. ഇതൊക്കെ ഒഴിവാക്കാനാണ് പുതിയ ജയില്‍ നിർമിക്കുന്നത്. ഔദ്യോഗികമായി ഫ്രാന്‍സിന്റെ ഭാഗമാണെങ്കിലും യൂറോപ്പിന് പുറത്തുള്ള ഫ്രഞ്ച് ഗയാനയിലേക്ക് കുറ്റവാളികളെ മാറ്റിയാല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള പ്രദേശമായി ഫ്രഞ്ച് അധിനിവേശ കാലത്ത് രൂപംകൊണ്ടതാണ് ഫ്രഞ്ച് ഗയാന. 1852 നും 1954 നും ഇടയില്‍ ഫ്രാന്‍സിന്റെ പ്രധാന ഭൂഭാഗത്തുനിന്ന് 70,000 കുറ്റവാളികളെ ഇവിടേക്ക് അയച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം ആളുകളും അതിജീവിക്കാനാകാതെ മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

