ഇസ്രായേൽ മന്ത്രി ഇതാമർ ബെൻ ഗ്വിറിന് വിലക്കേർപ്പെടുത്തി ഫ്രാൻസ്; സന്നദ്ധപ്രവർത്തകരെ പീഡിപ്പിക്കുന്ന വിഡിയോ പങ്കുവെച്ചതിൽ പ്രതിഷേധം ശക്തം
text_fieldsപാരീസ്: ഇസ്രായേൽ തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇതാമർ ബെൻ ഗ്വിറിന് പ്രവേശന വിലക്കേർപ്പെടുത്തി ഫ്രാന്‍സ്. ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പോയ അന്താരാഷ്ട്ര 'സുമൂദ് ഫ്ലോട്ടില്ല' പ്രവർത്തകരെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്ന വിഡിയോ ബെൻ ഗ്വിർ പുറത്തുവിട്ടതിനു പിന്നാലെയാണ് ഫ്രാൻസിന്‍റെ നടപടി.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ട് എക്സിലൂടെയാണ് ഈ വിവരം അറിയിച്ചത്. സന്നദ്ധ പ്രവർത്തകരെ ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തങ്ങളെ ആരും ചോദ്യം ചെയ്യില്ലെന്ന ഇസ്രായേലിന്റെ അഹങ്കാരമാണ് സ്വന്തം ക്രൂരതകൾ ലോകത്തിന് മുന്നിൽ വിളിച്ചുപറയാൻ അവരെ പ്രേരിപ്പിക്കുന്നതെന്ന വിമർശനം ശക്തമായി. കൈകൾ പിന്നോട്ട് കെട്ടി, തല നിലത്തു മുട്ടിച്ച് മുട്ടുകുത്തി നിൽക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെ മന്ത്രി ബെൻ-ഗ്വീർ പരിഹസിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനെതിരെ സംസാരിക്കാൻ ശ്രമിച്ച ഒരു വനിതാ പ്രവർത്തകയുടെ കഴുത്തിൽ ബലമായി പിടിച്ച് തറയിലേക്ക് ദാരുണമായി തള്ളിയിടുന്നതും വിഡിയോയിലുണ്ട്.
‘ഫ്രഞ്ച്, യൂറോപ്യൻ പൗരന്മാർക്കെതിരായ നിന്ദ്യമായ പെരുമാറ്റത്തെത്തുടർന്ന് ഇതാമർ ബെൻ ഗ്വിറിന് ഇന്ന് മുതൽ ഫ്രഞ്ച് മണ്ണിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നു’ -കുറിപ്പില്‍ ജീൻ-നോയൽ ബാരോട്ട് വ്യക്തമാക്കി. കൂടാതെ, ബെൻ ഗ്വിറിനെതിരെ യൂറോപ്യൻ യൂനിയൻ തലത്തിൽ ഉപരോധം ഏർപ്പെടുത്താൻ ഇറ്റലിയുമായി ചേർന്ന് ഫ്രാൻസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി തുർക്കിയിൽ നിന്ന് പുറപ്പെട്ട 50 ഓളം ബോട്ടുകൾ അടങ്ങുന്ന സംഘത്തെ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ചാണ് ഇസ്രായേൽ സൈന്യം ബലമായി കസ്റ്റഡിയിലെടുത്തത്. ഇതിൽ 36 ഫ്രഞ്ച് പൗരന്മാരുൾപ്പെടെ നിരവധി വിദേശ സന്നദ്ധപ്രവർത്തകർ ഉണ്ടായിരുന്നു.
ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ ഇതാദ്യമല്ല. 2003ൽ ഫലസ്തീനികളുടെ വീട് പൊളിക്കുന്നത് തടയാൻ ശ്രമിച്ച അമേരിക്കൻ യുവതി റേച്ചൽ കോറിയെ ബുൾഡോസർ കയറ്റി കൊന്നതും 2022ൽ അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു ആഖിലയെ വെടിവെച്ചു കൊന്നതും 2024 ഏപ്രിലിൽ 'വേൾഡ് സെൻട്രൽ കിച്ചൻ' എന്ന സംഘടനയുടെ ഏഴ് വിദേശ സഹായ പ്രവർത്തകരെ ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതും ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതയുടെ ചരിത്രത്തിലെ ചിലതു മാത്രമാണ്. ഫലസ്തീൻ തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്നതും നായ്ക്കളെ വിട്ട് കടിപ്പിക്കുന്നതും തങ്ങളുടെ 'സാധാരണ പ്രവർത്തന രീതി' ആണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ പോലും സാക്ഷ്യപ്പെടുത്തുന്നു.
വിഡിയോ പുറത്തുവന്നതോടെ കാനഡ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേൽ അംബാസഡർമാരെ വിളിച്ചുവരുത്തി കടുത്ത അമർഷം രേഖപ്പെടുത്തി. ഇസ്രായേലിനെ അനുകൂലിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ പോലും ഇപ്പോൾ വലിയ രാഷ്ട്രീയ സമ്മർദത്തിലാണ്. ആഗോളതലത്തിൽ ഇസ്രായേലിനെതിരെയുള്ള പൊതുവികാരം ശക്തമാകുന്നതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തന്നെ സമ്മതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

