ഐ.സി.സി അറസ്റ്റ് വാറന്റിനെ പിന്തുണച്ച് ഫ്രാൻസും ബെൽജിയവും; ബൈഡൻ നെതന്യാഹുവിനൊപ്പം
text_fieldsബിന്യമിൻ നെതന്യാഹു, യഹ്‍യ സിൻവാർ
ഹേഗ്: ഗസ്സ വംശഹത്യയിൽ ലോകത്തിന്റെ നിലപാട് ശരിക്കും തുറന്നുകാണിച്ച് ഇസ്രായേൽ, ഹമാസ് നേതാക്കൾക്കെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) അറസ്റ്റ് വാറന്റിന് പിന്തുണ പ്രഖ്യാപിച്ച് ഫ്രാൻസും ബെൽജിയവും അടക്കമുള്ള രാജ്യങ്ങൾ. അതേസമയം, നെതന്യാഹുവിനെതിരായ നീക്കം അക്രമമാണെന്നും അംഗീകരിക്കില്ലെന്നുമാണ് യു.എസ് നിലപാട്.
ഇസ്രായേലും ഹമാസും ഒരുപോലെയല്ലെന്നും അറസ്റ്റ് വാറന്റ് അംഗീകരിക്കാനാവില്ലെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ബ്രിട്ടൻ, ആസ്ട്രിയ, ചെക് റിപ്പബ്ലിക്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സമാന പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, അറസ്റ്റ് വാറന്റ് നീക്കത്തെ പിന്തുണക്കുന്നതായി ഫ്രാൻസും ബെൽജിയവും ഔദ്യോഗികമായി അറിയിച്ചു. ഗസ്സയിൽ സിവിലിയന്മാർക്കെതിരായ വംശഹത്യയും മാനുഷിക സഹായം തടയലും അംഗീകരിക്കാനാകില്ലെന്ന് ഫ്രാൻസ് വ്യക്തമാക്കി.
അറുകൊല നടത്തുന്നവരെയും ഇരകളെയും സമീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹമാസും അറിയിച്ചു. ഐ.സി.സി നീക്കം ഇസ്രായേലിനെതിരായ അക്രമമാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി.
ഐ.സി.സി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ്, ഹമാസ് നേതാക്കളായ യഹ്‍യ സിൻവാർ, മുഹമ്മദ് ദെയ്ഫ്, ഇസ്മാഈൽ ഹനിയ്യ എന്നിവർക്കെതിരെ അറസ്റ്റ് വാറന്റിനുള്ള ആദ്യ നടപടിയായ അപേക്ഷ നൽകിയത്.
ഗസ്സയിൽ വംശഹത്യ, യുദ്ധമുറയായി പട്ടിണിക്കിടൽ, മാനുഷിക സഹായം നിഷേധിക്കൽ, ബോധപൂർവം സിവിലിയന്മാരെ ലക്ഷ്യമിടൽ എന്നിവയാണ് നെതന്യാഹുവിനും ഗാലന്റിനുമെതിരെ ഉന്നയിച്ചതെങ്കിൽ വംശഹത്യ, കൊലപാതകം, ബന്ദിയാക്കൽ, ബലാത്സംഗം, ലൈംഗിക പീഡനം എന്നിങ്ങനെയാണ് ഹമാസിനെതിരായ കുറ്റങ്ങൾ.
നെതന്യാഹുവും സിൻവാറും അറസ്റ്റിലാകുമോ?
ലണ്ടൻ: അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതോടെ പ്രതികൾ അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്താൽ അവരെ അറസ്റ്റ് ചെയ്യാനാകും. എന്നാൽ, അധികാരം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ഐ.സി.സിക്കാകില്ല. ഇസ്രായേൽ- ഹമാസ് നേതാക്കൾ കോടതിയുടെ കസ്റ്റഡിയിലാകാതെ ഇവർക്കെതിരെ വിചാരണയും എളുപ്പമല്ല. ഹമാസ് നേതാക്കളായ സിൻവാറും ദെയ്ഫും തുരങ്കങ്ങളിൽ ഒളിവിലാണ്. ഹനിയ്യ ഐ.സി.സി അംഗത്വമില്ലാത്ത ഖത്തറിലും. ഇസ്രായേലാകട്ടെ, മുമ്പേ ഇത്തരം ആഗോള നിയമസംവിധാനങ്ങളെ പുച്ഛിച്ച് തള്ളുന്നവരും. ഇസ്രായേൽ സ്ഥാപിച്ച മതിലുകൾ നിയമവിരുദ്ധമാണെന്ന് 2004ൽ ഐ.സി.സി വിധി പറഞ്ഞിരുന്നു. രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇതിൽ നടപടിയെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

