അധിനിവേശത്തിന് നാലുവർഷം; യുക്രെയ്ന് പിന്തുണയുമായി യൂറോപ്യൻ പ്രമുഖർ
text_fieldsകിയവ്: റഷ്യൻ അധിനിവേശത്തിന്റെ നാലാം വാർഷികത്തിൽ യുക്രെയിന് പിന്തുണയുമായി ഡസനിലധികം മുതിർന്ന യൂറോപ്യൻ ഉദ്യോഗസ്ഥർ തലസ്ഥാനത്ത്. പതിനായിരക്കണക്കിന് പേരെ കൊന്നൊടുക്കിയ റഷ്യൻ അധിനിവേശത്തിന് ഫെബ്രുവരി 24ന് നാലുവർഷം പൂർത്തിയാവുകയാണ്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, ഏഴ് പ്രധാനമന്ത്രിമാർ, മൂന്ന് വിദേശകാര്യ മന്ത്രിമാർ എന്നിവരടക്കമുള്ളവരാണ് കിയവിലെത്തിയത്.
നിലവിൽ നാറ്റോ രാജ്യങ്ങളാണ് യുക്രെയിന് സൈനിക സഹായം നൽകുന്നത്. യൂറോപ്യൻ യൂനിയനും സാമ്പത്തിക സഹായം നൽകുന്നുണ്ട്. എന്നാൽ ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങൾ സഹായത്തിന് തയാറായിട്ടില്ല. റഷ്യയുടെ യുദ്ധം പതിറ്റാണ്ടുകളിലെ ഏറ്റവും നിർണായകമായ സംഘർഷമായിരുന്നുവെന്ന് ബ്രിട്ടീഷ് സായുധസേന മന്ത്രി അൽ കാർൺസ് പറഞ്ഞു. യുക്രെയ്ൻ പുനർനിർമിക്കുന്നതിനുള്ള ചെലവ് അടുത്ത ദശകത്തിൽ ഏകദേശം 58,800 കോടി ഡോളറായിരിക്കുമെന്ന് ലോകബാങ്ക്, യൂറോപ്യൻ കമീഷൻ, ഐക്യരാഷ്ട്രസഭ, യുക്രെയ്ൻ സർക്കാർ എന്നിവ വ്യക്തമാക്കിയിരുന്നു.
യുക്രെയ്നിന്റെ 0.79 ശതമാനം മാത്രം പ്രദേശം പിടിച്ചെടുത്ത റഷ്യയുടെ വലുതും മികച്ചതുമായ സൈന്യത്തിന്റെ ആക്രമണത്തെ തന്റെ രാജ്യം ചെറുത്തുനിന്നുവെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. സ്വാതന്ത്ര്യം സംരക്ഷിച്ചുവെന്നും രാജ്യം നഷ്ടപ്പെട്ടിട്ടില്ലെന്നും ഞങ്ങൾക്ക് പറയാൻ എല്ലാ അവകാശവുമുണ്ടെന്ന് സെലൻസ്കി സമൂഹ മാധ്യമത്തിൽ പറഞ്ഞു. ഈ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വിജയിച്ചിട്ടില്ലെന്നും സെലൻസ്കി പറഞ്ഞു.
‘നാല് വർഷമായി എല്ലാ ദിവസവും എല്ലാ രാത്രിയും യുക്രെയിനുകാർക്ക് പേടിസ്വപ്നമായിരുന്നു. അവർക്ക് മാത്രമല്ല, നമുക്കെല്ലാവർക്കും. കാരണം യൂറോപ്പിൽ യുദ്ധം തിരിച്ചെത്തിയിരിക്കുന്നു. ഒരുമിച്ച് ശക്തമായി നിന്നാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ. കാരണം യുക്രെയ്നിന്റെ വിധി നമ്മുടെ വിധിയാണ്’ -ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് എക്സിൽ എഴുതി. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സംഘർഷം അവസാനിപ്പിക്കാനുള്ള യു. എസ് നേതൃത്വത്തിലുള്ള നയതന്ത്ര നീക്കം വിജയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

