ഒടുവിൽ അവർ മടങ്ങി, ക്രൂ 11സംഘം ഭൂമിയിലേക്ക്; അണ്‍ഡോക്കിങ് വിജയകരം, ഉച്ചയോടെ കാലിഫോർണിയൻ തീരത്തിറങ്ങും, ഇങ്ങനെയൊരു മടക്കം ചരിത്രത്തിലാദ്യം
text_fieldsകാലിഫോർണിയ: ബഹിരാകാശ നിലയത്തിലെ സഞ്ചാരിയുടെ ആരോഗ്യപ്രശ്നത്തെ തുടർന്ന് നാല് പേരടങ്ങുന്ന ക്രൂ-11 ദൗത്യ സംഘത്തിന്‍റെ മടക്കയാത്ര തുടങ്ങി. വൈദ്യചികിത്സ ആവശ്യമുള്ള ഒരു ബഹിരാകാശയാത്രികനും മറ്റു മൂന്ന് ക്രൂ അംഗങ്ങളുമാണ് മടങ്ങുന്നത്. യുഎസ്, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ബഹിരാകാശയാത്രികരാണ് ദൗത്യസംഘത്തിലുള്ളത്.
അൺഡോക്കിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഇവർ ഭൂമിയെ ലക്ഷ്യമിട്ടുള്ള പത്തരമണിക്കൂർ നീളുന്ന യാത്ര തുടങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 2.11 ഓടെ ക്രൂ-11 ദൗത്യസംഘവുമായി എത്തുന്ന പേടകം കലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും.
നാസയുടെ 25 വർഷത്തിലേറെ നീണ്ട ചരിത്രത്തിൽ ഇതാദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നും ആരോഗ്യപ്രശ്നത്തെ തുടർന്ന് സംഘത്തെ തിരിച്ചുകൊണ്ടുവരുന്നത്.
2025 ഓഗസ്റ്റിലാണ് ക്രൂ-11 ദൗത്യസംഘം ബഹിരാകാശ നിലയത്തിലെത്തിയത്. 2026 ഫെബ്രുവരി അവസാനം വരെ ബഹിരാകാശത്ത് തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്. ബഹിരാകാശ നിലയത്തിലെ പവർ സിസ്റ്റത്തിലെ അറ്റക്കുറ്റപ്പണിയായിരുന്നു ഇവരുടെ ലക്ഷ്യം.
യുഎസ്, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ബഹിരാകാശയാത്രികരാണ് ക്രൂ-11 ദൗത്യസംഘത്തിലുള്ളത്. സീന കാർഡ്‍മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരാണ് മടക്കയാത്ര നടത്തുന്നവർ. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിലാണ് ഇവർ മടങ്ങുന്നത്.
ക്രൂ-11 മടങ്ങുമ്പോൾ റഷ്യയുടെ സൊയൂസ് എം എസ് 28 ദൗത്യത്തിലൂടെ നവംബറിൽ നിലയത്തിലെത്തിയ മൂന്നംഗ സംഘത്തിനാകും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്‍റെ സമ്പൂർണ ഉത്തരവാദിത്തമുണ്ടാവുക. രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും ഒരു നാസ പ്രതിനിധിയുമാണ് ഈ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

