യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ നാല് റഷ്യക്കാർ കൊല്ലപ്പെട്ടു
text_fieldsകിയവ്: യുക്രെയ്ൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടതായി റഷ്യൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം യുക്രെയ്നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകിവിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിന്റെ തിരിച്ചടിയാണ് പുതിയ സംഭവം.
റഷ്യൻ ആക്രമണത്തിൽ മൂന്നുപേർ മരിക്കുകയും 12ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റഷ്യയോട് ചേർന്ന ക്രിമിയയിലെ തുറമുഖ നഗരമായ സെവാസ്റ്റോപോളിൽ വെടിവെച്ചിട്ട അഞ്ച് യുക്രെയ്നിയൻ മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണാണ് രണ്ട് കുട്ടികളുൾപ്പെടെ മൂന്നുപേർ മരിച്ചത്.
നൂറോളം പേർക്ക് പരിക്കേറ്റതായും സെവാസ്റ്റോപോൾ ഗവർണർ മിഖായേൽ റസ്വോഷയേവ് അറിയിച്ചു. റഷ്യയുടെ അതിർത്തിയിലെ ബെൽഗൊറോഡ് മേഖലയിൽ മൂന്ന് യുക്രെയ്ൻ ഡ്രോണുകൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞു.
റഷ്യയുടെ പടിഞ്ഞാറൻ ബ്രയാൻസ്ക്, സ്മോലെൻസ്ക്, ലിപെറ്റ്സ്ക്, തുല മേഖലകളിൽ 33 യുക്രെയ്നിയൻ ഡ്രോണുകൾ ഒറ്റരാത്രി വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

