Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ഫലസ്തീൻ ഗ്രാമങ്ങളെ...

'ഫലസ്തീൻ ഗ്രാമങ്ങളെ ഇരുമ്പ് മുഷ്ടി കൊണ്ട് അടിച്ചമർത്തണം'; വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യവും കുടിയേറ്റക്കാരും നടത്തിയ വെടിവെപ്പിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ഫലസ്തീൻ ഗ്രാമങ്ങളെ ഇരുമ്പ് മുഷ്ടി കൊണ്ട് അടിച്ചമർത്തണം; വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യവും കുടിയേറ്റക്കാരും നടത്തിയ വെടിവെപ്പിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു
cancel
camera_alt

സംഘർഷത്തിൽ  കൊല്ലപ്പെട്ട ഫലസ്തീനി

തെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമങ്ങൾക്ക് നേരെ ഇസ്രായേൽ അധിനിവേശ സൈന്യവും തീവ്ര വലതുപക്ഷ കുടിയേറ്റക്കാരും ചേർന്ന് വീണ്ടും കടുത്ത ആക്രമണം അഴിച്ചുവിട്ടു. തൽ ഗ്രാമത്തിലും ഹവാത് ഗിലാദ് സെറ്റിൽമെന്റ് ഔട്ട്പോസ്റ്റിന് സമീപവും നടന്ന സംഘർഷത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ക്രൂരമായ വെടിവെപ്പിലാണ് ഫലസ്തീനികൾ കൊല്ലപ്പെട്ടതെന്ന് പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഒരു ഇസ്രായേലി പൗരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സ്വന്തം മണ്ണിൽ അധിനിവേശം നേരിടുന്ന ഫലസ്തീൻ ജനതയ്ക്ക് മേൽ വീണ്ടും കടുത്ത ഉപരോധവും നിയന്ത്രണങ്ങളുമാണ് ഇസ്രായേൽ അടിച്ചേൽപ്പിക്കുന്നത്. സംഭവത്തെ തുടർന്ന് നബ്ലുസ് നഗരവും തൽ ഗ്രാമവും ഇസ്രായേൽ സൈന്യം പൂർണ്ണമായും ഉപരോധിച്ചു. പ്രധാന പാതകളിൽ ബാരിക്കേഡുകൾ ഉയർത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയും വീടുകൾ കേന്ദ്രീകരിച്ച് ക്രൂരമായ തിരച്ചിൽ നടത്തുകയും ചെയ്യുകയാണ്.

വംശീയ അധിക്ഷേപവും ഭീഷണിയുമായി ഇസ്രായേൽ മന്ത്രിമാർ

സ്വന്തം മണ്ണിൽ ജീവിക്കാൻ പോരാടുന്ന ഫലസ്തീനികളെയാകെ ഭീകരവാദികളായി ചിത്രീകരിച്ച് അതിരൂക്ഷമായ ഭീഷണിയാണ് ഇസ്രായേൽ ഭരണകൂടം മുഴക്കുന്നത്. പൂർണ്ണ ശക്തി ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. പ്രകോപനപരമായ പ്രസ്താവനകളോടെ തീവ്ര വലതുപക്ഷ ധനകാര്യ മന്ത്രി ബെസാലെൽ സ്മോട്രിച്ചും രംഗത്തെത്തി. ഫലസ്തീൻ ഗ്രാമങ്ങളെ "ഇരുമ്പ് മുഷ്ടി" ഉപയോഗിച്ച് അടിച്ചമർത്തണമെന്നും തകർക്കണമെന്നുമാണ് സ്മോട്രിച്ച് ആവശ്യപ്പെട്ടത്.

"ഫലസ്തീൻ ഗ്രാമങ്ങൾക്കും അതിന് ചുറ്റുമുള്ള പ്രദേശങ്ങൾക്കുമെതിരെ സൈന്യം അതിശക്തമായി തിരിച്ചടിക്കണം. അധിനിവേശ ഭൂമിയിലെ കുടിയേറ്റക്കാരാണ് ഇസ്രായേലിന്റെ യഥാർത്ഥ സംരക്ഷകർ," എന്ന് സ്മോട്രിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു.ഫലസ്തീൻ മണ്ണിൽ നിയമവിരുദ്ധമായി നിർമ്മിച്ച കുടിയേറ്റ കേന്ദ്രങ്ങളെ ന്യായീകരിക്കുകയും അവിടെയുള്ള തീവ്രവാദ നിലപാടുകളുള്ള കുടിയേറ്റക്കാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയുമാണ് ഇസ്രായേൽ ഭരണകൂടം ചെയ്യുന്നത്.

ഒരു സെക്യൂരിറ്റി ഓഫീസറുടെ ആയുധം കവർന്ന ശേഷം വെടിയുതിർത്തതാണ് സംഘർഷത്തിന് കാരണമായതെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ, നിർദയമായ സൈനിക അധിനിവേശവും വംശീയ അതിക്രമങ്ങളും മൂലം വലയുന്ന ഫലസ്തീനികളുടെ പ്രതിഷേധത്തെ അടിച്ചമർത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. നിലവിലെ സൈനിക ഉപരോധവും കടുത്ത നിയന്ത്രണങ്ങളും വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തെ തികച്ചും ദുസ്സഹമാക്കിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineWest BankIsraelBenjamin NetanyahuIsraeli PM
News Summary - "Suppress Palestinian Villages with an Iron Fist": Four Palestinians Killed in Shooting by Israeli Military and Settlers in West Bank
Next Story