Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാളുകൾക്കിടെ നാലിടത്ത് തെരഞ്ഞെടുപ്പ്: ആഗോള രാഷ്ട്രീയം മാറുമോ?

text_fields
bookmark_border
നാളുകൾക്കിടെ നാലിടത്ത് തെരഞ്ഞെടുപ്പ്: ആഗോള രാഷ്ട്രീയം മാറുമോ?
cancel
camera_alt

പ്രസിഡന്റ് സ്ഥാനാർഥി ഫ്ലാവിയോ ബൊൾസനാരോ വോട്ട് ചെയ്യുന്നു

ലണ്ടൻ: ഞായറാഴ്ച ബ്രസീലിലും സെർബിയയിലും തുടക്കമായ തെരഞ്ഞെടുപ്പ് നാളുകൾക്കിടെ ഇസ്രായേലിലും അമേരിക്കയിലുമെത്തുമ്പോൾ ലോക രാഷ്ട്രീയം മുൾമുനയിൽ. ഇടതുപക്ഷം മൂന്ന് തവണ ജയം നിലനിർത്തിയ ബ്രസീലിൽ ഇത്തവണ കാറ്റ് വലത്തോട്ടാകാമെന്നാണ് സൂചന. നാളെ ബിന്യമിൻ നെതന്യാഹു ജനവിധി തേടുന്ന ഇസ്രായേൽ കൂടുതൽ തീവ്രപക്ഷത്തേക്ക് ചായുന്നത് മനസ്സിലാക്കിയാണ് വെസ്റ്റ് ബാങ്കിലുൾപ്പെടെ അവസാന നാളുകളിൽ സൈനിക നീക്കം തകൃതിയാക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ 19 വർഷവും ഇസ്രായേൽ ഭരിച്ച പ്രധാനമന്ത്രിയാണ് നെതന്യാഹു. തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളടക്കം തലക്കുമീതെ ഡെമോക്ലസിന്റെ വാളായി തൂങ്ങിനിൽക്കുമ്പോൾ ഗസ്സയും വെസ്റ്റ് ബാങ്കും തന്നെ ജയിപ്പിക്കുന്ന തുരുപ്പുചീട്ടുകളാകുമെന്ന വിശ്വാസത്തിലാണ് നെതന്യാഹു. അഭിപ്രായ സർവേകളിൽ ഇപ്പോഴും നെതന്യാഹു പിറകിലാണ്.

വൈകാതെ നവംബർ മൂന്നിന് ചൊവ്വാഴ്ചയാണ് അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്. സെനറ്റിലേക്കും പ്രതിനിധി സഭയിലേക്കും ജനം പ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോൾ ഇരു സഭകളിലും ട്രംപിന് മേൽക്കൈ നഷ്ടപ്പെട്ടേക്കുമെന്ന് സൂചനകളുണ്ട്. പ്രതിനിധി സഭ ഏകദേശം ഉറപ്പായും പിടിക്കുമെന്നും സെനറ്റിലും സാധ്യതയുണ്ടെന്നുമാണ് ഡെമോക്രാറ്റുകളുടെ കണക്കുകൂട്ടൽ. ഇരുസഭകളിലും മേൽക്കൈ നേടിയാലും പ്രസിഡന്റിന് മൂക്കുകയറിടൽ എളുപ്പമാകില്ലെന്നത് വേറെ കാര്യം.

എന്നാൽ, യു.എസിൽ മാത്രമല്ല മറ്റു തെരഞ്ഞെടുപ്പുകളിലും കണ്ണ് വെക്കുന്ന ട്രംപ് ബ്രസീലിൽ ബൊൾസനാരോ, സെർബിയയിൽ വൂസിച്, ഇസ്രായേലിൽ നെതന്യാഹു എന്നിവർക്ക് പരസ്യ പിന്തുണയുമായി രംഗത്തുണ്ട്. എല്ലാവരും ജയിച്ചാൽ ആഗോള രാഷ്ട്രീയത്തിൽ തന്റെ നിലയും നിലപാടും കൂടുതൽ ജനപ്രിയമാകുന്നുവെന്ന വിശ്വാസം കൂടുതൽ കരുത്തുറ്റതാകും. ബ്രസീലിൽ മുൻ പ്രസിഡന്റ് ജായർ ബൊൾസനാരോയുടെ പുത്രൻ അധികാരത്തിലെത്തിയാൽ പിതാവ് ജയിൽ മുക്തനാകുമെന്ന് മാത്രമല്ല, ജയിൽ ശിക്ഷക്ക് കാരണക്കാരായ പ്രോസിക്യൂഷന് കണക്കിന് നൽകുമെന്ന ഭീഷണിയും ഫ്ലാവിയോ നൽകുന്നുണ്ട്. സെർബിയയിൽ തുടർച്ചയായ 12 വർഷം അധികാരത്തിലിരുന്നാണ് വൂസിച് വീണ്ടും മത്സരിക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളേറെയും കാൽക്കീഴിലാക്കിയാണ് വൂസിചിന്റെ നീക്കങ്ങൾ.

ഇസ്രായേലിൽ അധിനിവിഷ്ട മേഖലകളിലെ ഫലസ്തീനികൾക്ക് ഇപ്പോഴും വോട്ടവകാശം പോലുമില്ല. മറ്റിടങ്ങളിലെ ഫലസ്തീനികളാകട്ടെ ജനസംഖ്യയുടെ അഞ്ചിലൊന്നേ വരൂ. അവർക്ക് കാര്യമായ സ്വാധീനം ചെലുത്താനാകില്ലെന്നുറപ്പ്. അറബ് പാർട്ടികളുമായി സഖ്യത്തിനില്ലെന്ന് പ്രതിപക്ഷ പാർട്ടികളും നയം വ്യക്തമാക്കിയിട്ടുണ്ട്.

ബ്രസീൽ വീണ്ടും ബൂത്തിൽ

സവോ പോളോ: പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ബ്രസീൽ വീണ്ടും വോട്ട് ചെയ്തു. നിലവിലെ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും മുൻ പ്രസിഡന്റിന്റെ മകൻ ഫ്ലാവിയോ ബൊൾസനാരോയും ആണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ അങ്കം കുറിക്കുന്നത്.

നാലാം ഊഴം തേടിയാണ് ലുല ഇറങ്ങുന്നതെങ്കിൽ കന്നിയങ്കമാണ് ഫ്ലാവിയോക്ക്. 16 കോടിയാണ് രാജ്യത്തെ വോട്ടർമാർ. ലാറ്റിൻ അമേരിക്കയിൽ അർജന്റീന, ബൊളീവിയ, ചിലി, വെനിസ്വേല തുടങ്ങി ഇസ്രായേൽ അനുകൂല നിലപാടിലേക്ക് മാറുന്ന രാജ്യങ്ങളുടെ എണ്ണം വർധിക്കുന്നതിനിടെയാണ് ബ്രസീലിലും സുപ്രധാന തെരഞ്ഞെടുപ്പ്. 2022ൽ തെരഞ്ഞെടുപ്പ് തോറ്റതിന് പിന്നാലെ ഭരണകൂട അട്ടിമറിക്ക് ശ്രമിച്ചെന്ന കേസിൽ 27 വർഷ ജയിൽ അനുഭവിക്കുകയാണ് ഫ്ലാവിയോയുടെ പിതാവും മുൻ പ്രസിഡന്റുമായ ജായർ ബൊൾസനാരോ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four Elections in Days: Will Global Politics Shift?
Next Story