നാല് പതിറ്റാണ്ട്; തുർക്കിയയിൽ കുർദുകൾ വെടിനിർത്തി
text_fieldsഇസ്തംബൂൾ: തുർക്കിയയിലെ കുർദ് സായുധവിഭാഗമായ കുർദിസ്താൻ വർക്കേഴ്സ് പാർട്ടി 40 വർഷത്തിനുശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചു. ജയിലിലുള്ള കുർദ് നേതാവ് അബ്ദുല്ല ഒകലാൻ രണ്ട് ദിവസം മുമ്പ് അണികളോട് ആയുധം താഴെവെക്കാൻ ആവശ്യപ്പെട്ടതിന്റെ തുടർച്ചയായാണ്, സമാധാനത്തിനും ജനാധിപത്യവത്കരണത്തിനുമായി ആയുധം താഴെവെക്കുകയാണെന്നും തങ്ങൾ ആക്രമിക്കപ്പെടാതെ ഇനി ആയുധമെടുക്കില്ലെന്നും കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പി.കെ.കെ) പ്രസ്താവന പുറപ്പെടുവിച്ചത്.
ജനാധിപത്യ രാഷ്ട്രീയവും നിയമാനുസൃത പ്രവർത്തനങ്ങളുമാണ് വിജയത്തിന് അനുയോജ്യമെന്ന് പ്രസ്താവനയിൽ ഊന്നിപ്പറയുന്നു. 1999 മുതൽ തടവിലുള്ള അബ്ദുല്ല ഒകലാനെ മോചിപ്പിക്കണമെന്ന അഭ്യർഥനയും പാർട്ടി നടത്തിയിട്ടുണ്ട്. 1984 മുതൽ പി.കെ.കെ തുർക്കിയ ഭരണകൂടവുമായി ഏറ്റുമുട്ടലിലാണ്. പതിനായിരങ്ങളാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. മുമ്പ് പലവട്ടം സമാധാന സംഭാഷണങ്ങൾ നടന്നുവെങ്കിലും വിജയത്തിലെത്തിയിരുന്നില്ല.
തുർക്കിയ ഭരണകൂടവും പാശ്ചാത്യ സഖ്യകക്ഷികളും കുർദ് സായുധ വിഭാഗത്തെ തീവ്രവാദ പട്ടികയിൽപെടുത്തിയതാണ്. പുതിയ സംഭവവികാസത്തെ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സ്വാഗതം ചെയ്തു. ഇത് ചരിത്രപരമാണെന്നും തുർക്കിഷ്, കുർദ് ജനതകൾ തമ്മിൽ ആയിരക്കണക്കിന് വർഷം പഴക്കമുള്ള സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.