1.5 കോടിയിൽ ഒരിക്കൽ മാത്രം; ഒറ്റ പ്രസവത്തിൽ ഒരേപോലെയുള്ള നാല് പെൺകുഞ്ഞുങ്ങൾ
text_fieldsആസ്ട്രേലിയൻ യുവതിക്ക് ഒറ്റപ്രസവത്തിൽ ജനിച്ച നാല് പെൺകുഞ്ഞുങ്ങൾ
ബ്രിസ്‌ബേൻ: ഒറ്റ പ്രസവത്തിൽ ഒരേപോലെയുള്ള നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി 34കാരിയായ ആസ്ട്രേലിയൻ യുവതി. ക്വീൻസ്‍ലൻഡ് സംസ്ഥാനത്തെ ബ്രിസ്‌ബേൻ സ്വദേശികളായ ജെന്നിറ്റാർ–ജോർഥാം ദമ്പതികൾക്കാണ് ഒരേസമയം നാല് പെൺകുഞ്ഞുങ്ങൾ ജനിച്ചത്. ലോകത്ത് 1.5 കോടി പ്രസവങ്ങളിൽ ഒന്നിൽ മാത്രം സംഭവിക്കുന്ന അപൂർവ ജനനമാണിതെന്ന് ഡോക്ടർമാർ പറയുന്നു.
ബ്രിസ്‌ബേനിലെ റോയൽ ബ്രിസ്‌ബേൻ ആൻഡ് വിമൻസ് ആശുപത്രിയിലാണ് കുഞ്ഞുങ്ങൾ ജനിച്ചത്. പ്രസവത്തിന് നേതൃത്വം നൽകിയ ഡോക്ടറോടുള്ള ആദരസൂചകമായി ഒരു കുഞ്ഞിന് ഡോക്ടറുടെ പേരായ ‘അലക്സ’ എന്ന് നാമകരണം ചെയ്തു. എമിലി, ഹരിയറ്റ്, കാതറിൻ എന്നിങ്ങനെയാണ് മറ്റ് കുഞ്ഞുങ്ങളുടെ പേരുകൾ.
നിലവിൽ, 10 വയസ്സിൽ താഴെയുള്ള നാല് കുട്ടികൾ ദമ്പതികൾക്ക് ഉണ്ട്. ഒറ്റയടിക്ക് നാല് കുഞ്ഞുങ്ങൾ കൂടി എത്തിയതോടെ ആകെ കുട്ടികൾ എട്ടായി. അതുകൊണ്ടു തന്നെ നാല് കുഞ്ഞുങ്ങളുടെ വരവ് വലിയ അനുഗ്രഹമാണെങ്കിലും, ഒരേസമയം ഇവരെ പരിപാലിക്കൽ വലിയ സാമ്പത്തിക വെല്ലുവിളിയാണെന്നാണ് ദമ്പതികളുടെ പ്രതികരണം.
കുടുംബത്തിലെ അംഗസംഖ്യ പത്തായി ഉയർന്നതോടെ വലിയൊരു വാഹനം വാങ്ങാൻ ധനസമാഹരണത്തിന് ഇറങ്ങിയിരിക്കയാണ് ഈ ദമ്പതികൾ. 10 സീറ്റുള്ള വാഹനം വാങ്ങാൻ ഓൺലൈൻ പ്ലാറ്റ്ഫോമായ ഗോഫണ്ട്മീയിലൂടെ ധനസമാഹരണം തുടങ്ങി. ആശുപത്രി സന്ദർശനങ്ങൾ, സ്കൂൾ യാത്രകൾ, മറ്റു കുടുംബ ആവശ്യങ്ങൾ എന്നിവക്ക് വാഹനം അത്യാവശ്യമായിരിക്കയാണെന്ന് ഇവർ പറയുന്നു.
അതേസമയം, ധനസമാഹരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ 39,000 ആസ്ട്രേലിയൻ ഡോളറിലധികം (ഏകദേശം 27,000 യുഎസ് ഡോളർ) സംഭാവനയായി ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണമായിരുന്നെങ്കിലും ജെനിറ്റാറിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. അലക്സ ബെൻഡൽ പറഞ്ഞു. ഒരേപോലെയുള്ള നാല് കുഞ്ഞുങ്ങൾ ഒരേ പ്ലാസന്റ പങ്കിടുന്നത് വൈദ്യശാസ്ത്രരംഗത്ത് അത്യപൂർവമാണെന്നും അവർ ചൂണ്ടിക്കാട്ടി.
28 ആഴ്ചയും നാല് ദിവസവും പൂർത്തിയായപ്പോൾ സിസേറിയനിലൂടെയാണ് കുട്ടികൾ ജനിച്ചത്. മാസം തികയുന്നതിന് മുമ്പ് ജനിച്ചതിനാൽ കുഞ്ഞുങ്ങൾ നിലവിൽ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യം മെച്ചപ്പെടുന്നതു വരെ അവിടെ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

