ഇറാഖ് യുദ്ധത്തിന്റെ കാരണക്കാരനായ യു.എസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു
text_fieldsവാഷിങ്ടൺ: ഇറാഖ് യുദ്ധത്തിന്റെ കാരണക്കാരനായ യു.എസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു. യു.എസിന്റെ 46ാമത് വൈസ് പ്രസിഡന്റായിരുന്നു റിച്ചാർഡ് ബ്രൂസ് ചിനി എന്ന ഡിക് ചിനി. ജോർജ് ബുഷ് പ്രസിഡന്റായിരുന്നപ്പോഴാണ് ഡിക് ചെനി വൈസ് പ്രസിഡന്റ് പദവിയിലിരുന്നത്.
84ാം വയസിലാണ് യു.എസിന്റെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റിന്റെ വിടവാങ്ങൽ. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. ന്യൂമോണിയയും ഹൃദയാഘാതവുമാണ് മരണകാരണം. ജീവിതത്തിലെ ഏറിയ പങ്കും ഹൃദയസംബന്ധമായ പ്രശ്നങ്ങളാൽ വലിഞ്ഞ ചെനി 37ാം വയസിൽ ആദ്യമായി ഹൃദയാഘാതം അനുഭവിച്ചു. 2012ൽ അദ്ദേഹത്തിന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി.
2003 ലെ ഇറാഖ് അധിനിവേശത്തിന്റെ വക്താവായിരുന്നു ചെനി. ഇറാഖിൽ കൂട്ടനശീകരണ ആയുധങ്ങൾ ഉണ്ടെന്ന് ആരോപണമുയർത്തി ബുഷ് ഭരണകൂട ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അദ്ദേഹം. എന്നാൽ അത്തരത്തിലുള്ള ഒരായുധം പോലും ഇറാഖിൽ നിന്ന് കണ്ടെടുക്കാനാകാത്തത് ചെനിയുടെ വാദം പൊളിച്ചു. ചെനിയും പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡുമാണ് 2003 മാർച്ചിൽ ഇറാഖ് അധിനിവേശത്തിന് പ്രേരിപ്പിച്ച പ്രധാന വ്യക്തികൾ. 2001 സെപ്റ്റംബർ 11ന് അൽഖാഇദ അമേരിക്കയിൽ നടത്തിയ ആക്രമണത്തിന് ഇറാഖുമായി ബന്ധമുണ്ട് എന്നായിരുന്നു അന്ന് ചെനിയുടെ വാദം. എന്നാൽ സെപ്റ്റംബർ 11 ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമീഷൻ ഈ വാദം തള്ളിക്കളഞ്ഞു. എന്നാലും ഇറാഖ് അധിനിവേശം ശരിയായ തീരുമാനമായിരുന്നുവെന്ന് എക്കാലവും ചെനി ഉറപ്പിച്ചു പറഞ്ഞു.
2001 മുതൽ 2009 വരെ യു.എസ് വൈസ് പ്രസിഡന്റായിരുന്നു ചെനി. ഒരു ദശാബ്ദത്തിലേറെ കാലം ജോർജ് ബുഷിന്റെ കീഴിൽ പ്രതിരോധ സെക്രട്ടറിയായിരുന്നു ചെനി. ഗൾഫ് യുദ്ധത്തിൽ കുവൈത്തിൽ നിന്ന് ഇറാഖ് സൈന്യത്തെ പുറത്താക്കാനുള്ള യു.എസ് സൈനിക നടപടിക്ക് നിർദേശം നൽകിയതും ചെനിയാണ്.
ചെനിയുടെ മകൾ ലിസ് ചെനിയും റിപ്പബ്ലിക്കൻ നിയമസഭാംഗമായി മാറി ജനപ്രതിനിധി സഭയിൽ സേവനമനുഷ്ഠിച്ചു. റിപ്പബിക്കൻ അംഗമാണെങ്കിലും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എതിർക്കുന്ന ചെനിയുടെ പരാമർശങ്ങൾ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 2024ൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിന് വോട്ട് ചെയ്യുമെന്നും ഡിക് ചെനി പ്രഖ്യാപിച്ചിരുന്നു.
യു.എസിന്റെ 248 വർഷ ചരിത്രത്തിൽ ട്രംപിനേക്കാൾ ഭീഷണിയായ ഒരു വ്യക്തിയെ രാജ്യം കണ്ടിട്ടില്ലെന്നാണ് ചെനി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

