പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ
text_fieldsഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) ചെയർമാനുമായ ഇംറാൻ ഖാൻ നാടകീയമായി അറസ്റ്റിൽ. രണ്ടു കേസുകളിൽ ഹാജരാകാൻ ചൊവ്വാഴ്ച ഇസ്‍ലാമാബാദ് ഹൈകോടതിയിലെത്തിയപ്പോൾ മറ്റൊരു കേസിന്റെ പേരിലായിരുന്നു അറസ്റ്റ്. അർധ സൈനിക വിഭാഗമായ പാകിസ്താൻ റേഞ്ചേഴ്സ് കോടതി വളപ്പിൽ ഇംറാനെ വളയുകയായിരുന്നു. ദൂരെ നിർത്തിയ വാഹനത്തിലേക്ക് തള്ളിക്കൊണ്ടുപോയി കയറ്റിയ ഇംറാനെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്.
ഇംറാന്റെ അറസ്റ്റിനു പിന്നാലെ വിവിധ നഗരങ്ങളിൽ അനുയായികൾ തെരുവിലിറങ്ങിയത് പാകിസ്താനെ മുൾമുനയിലാക്കി. റാവൽപിണ്ടിയിൽ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറിയും ലാഹോറിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ വസതി കൈയേറിയും ജനം പ്രതിഷേധം ശക്തമാക്കി. രാത്രി വൈകിയും പ്രക്ഷോഭം കനത്തതോടെ സൈന്യം വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. വിവിധ നഗരങ്ങളിൽ കനത്ത സംഘർഷം നിലനിൽക്കുകയാണ്.
ഇംറാന്റെയും കുടുംബത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്റ്റിന് കോടികൾ വിലയുള്ള സർക്കാർ ഭൂമി കൈമാറിയെന്ന കേസിലാണ് അറസ്റ്റ്. ഇംറാനെ കേസന്വേഷിക്കുന്ന നാഷണൽ അക്കൗണ്ടബലിറ്റി ബ്യൂറോയുടെ റാവൽപിണ്ടി ഓഫിസിലേക്ക് മാറ്റിയതായാണ് സൂചന. അതേസമയം, അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി പി.ടി.ഐ വക്താവ് ഫവാദ് ചൗധരി ആരോപിച്ചു.
കോടതി വളപ്പിൽവെച്ചുള്ള അറസ്റ്റ് സംബന്ധിച്ച് വിശദീകരണം നൽകാനാവശ്യപ്പെട്ട് ഇസ്‍ലാമാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ് നഗരത്തിലെ പൊലീസ് മേധാവി, ആഭ്യന്തര മന്ത്രാലയം സെക്രട്ടറി, അഡീഷനൽ അറ്റോണി ജനറൽ എന്നിവരെ വിളിച്ചുവരുത്തി. പൊലീസ് മേധാവി നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ പ്രധാനമന്ത്രിയെ തന്നെ വിളിച്ചുവരുത്തുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. തുടർന്ന് ഐ.ജി അക്ബർ നിയാസി, നാഷണൽ അക്കൗണ്ടബലിറ്റി ബ്യൂറോ ഉദ്യോഗസ്ഥർ എന്നിവർ ഹാജരായി. ഇവരുടെയും ഇംറാന്റെ അഭിഭാഷകരുടെയും വാദം കേട്ട കോടതി വിധി പറയാനായി മാറ്റി.
മുൻ പ്രധാനമന്ത്രിയെ അർധ സൈനികർ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരെ കടുത്ത പീഡനത്തിനിരയാക്കിയെന്നും പി.ടി.ഐ ആരോപിച്ചു. അറസ്റ്റിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അരങ്ങേറി. പലയിടങ്ങളിലും ഇത് അക്രമസാക്തമായി. തലസ്ഥാന നഗരമായ ഇസ്‍ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബിലെ ഝലം ജില്ലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച അൽഖാദിർ ട്രസ്റ്റിന് ഭൂമി കൈമാറിയ ഇനത്തിൽ ദേശീയ ഖജനാവിന് ശതകോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ കുടിയായ ഇംറാൻ 2018ലാണ് പ്രധാനമന്ത്രിയായത്.
കഴിഞ്ഞ ഏപ്രിലിൽ അവിശ്വാസ വോട്ടിനെ തുടർന്ന് പുറത്തായ ഇംറാൻ അന്നുമുതൽ സർക്കാറിന്റെയും സൈന്യത്തിന്റെയും കടുത്ത വിമർശകനാണ്.
ഇംറാനെതിരെ 120 കേസുകൾ
ഇസ്‍ലാമാബാദ്: ഇംറാൻ ഖാനെതിരെ പാകിസ്താന്റെ വിവിധ ഭാഗങ്ങളിലായുള്ളത് 120ഓളം കേസുകൾ. ഭീകരത, അക്രമം, ദൈവനിന്ദ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ പ്രകാരമെല്ലാം കേസുകളുണ്ട്. തലസ്ഥാനമായ ഇസ്‍ലാമാബാദിൽ 31 കേസുകൾ ഇംറാനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലാഹോറിൽ 30 കേസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

