ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് ഫിദൽ റാമോസ് അന്തരിച്ചു
text_fieldsമനില: ഫിലിപ്പീൻസ് മുൻ പ്രസിഡന്റും സൈനിക ജനറലുമായിരുന്ന ഫിദൽ വാൽഡസ് റാമോസ് (94) അന്തരിച്ചു. 1986ൽ ഫിലിപ്പീൻസിൽ നടന്ന ജനാധിപത്യാനുകൂല പ്രക്ഷോഭത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് റാമോസ്. അന്നത്തെ പ്രക്ഷോഭത്തെ തുടർന്നാണ് ഏകാധിപതി ഫെർഡിനന്റ് മാർകോസ് പുറത്തായത്. ലോകമെമ്പാടുമുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങളിൽ മാറ്റത്തിന് തുടക്കമിട്ടത് ഈ പ്രക്ഷോഭമാണ്. മരണകാരണം വ്യക്തമല്ലെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങളെയും ഓർമക്കുറവിനെയും തുടർന്ന് അദ്ദേഹം നേരത്തേ ചികിത്സയിലായിരുന്നുവെന്ന് ദീർഘനാളായി റാമോസിന്റെ സഹായിയായിരുന്ന നോർമൻ ലെഗാസ്പി പറഞ്ഞു.
ജനാധിപത്യവാദിയായിരുന്ന കൊറോസൺ അക്വിനോക്കുശേഷം 1992 മുതൽ 1998 വരെയാണ് റാമോസ് ഫിലിപ്പീൻസ് പ്രസിഡന്റ് പദത്തിലിരുന്നത്. അക്വിനോ പ്രസിഡന്റായപ്പോൾ റാമോസ് സൈനിക മേധാവിയും പിന്നീട് പ്രതിരോധ സെക്രട്ടറിയുമായി. പ്രതിസന്ധിയിലെ ശാന്ത പെരുമാറ്റം അദ്ദേഹത്തിന് 'സ്റ്റെഡി എഡ്ഡി' എന്ന വിളിപ്പേര് നേടിക്കൊടുത്തു. യു.എസിൽ സൈനിക പരിശീലനം നേടിയ റാമോസ് കൊറിയൻ, വിയറ്റ്നാം യുദ്ധങ്ങൾക്ക് സാക്ഷിയായി. സ്കൂൾ ഉദ്യോഗസ്ഥയും പിയാനിസ്റ്റും സ്പോർട്സും പരിസ്ഥിതി പ്രവർത്തകയും ആയ അമേലിറ്റ മിംഗ് റാമോസാണ് ഭാര്യ. നാല് പെൺമക്കളിൽ ഒരാൾ 2011ൽ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

