മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലിൽ ക്രൂര പീഡനമെന്ന് സഹോദരി, കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ
text_fieldsഅഡിയാല ജയിലിന് മുന്നിൽ പ്രതിഷേധിക്കുന്ന പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.ടി.ഐ) പ്രവർത്തകർ
റാവൽപിണ്ടി: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലിൽ ക്രൂര പീഡനമെന്ന് സഹോദരി അലീമ ഖാൻ. ജയിലധികൃതരുടെ ഭാഗത്തുനിന്ന് പകപോക്കൽ മനോഭാവവും അവഗണനയും ചൂണ്ടി കുടുംബാംഗങ്ങളും അനുയായികളും ജയിലിന് പുറത്ത് സംഘടിപ്പിച്ച് പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അലീമ.
കഴിഞ്ഞ എട്ടുമാസമായി ജയിലിൽ പതിവായി എത്തി ശ്രമിച്ചിട്ടും ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കുന്നില്ലെന്ന് അലീമ ആരോപിച്ചു. ജയിലിൽ ഇമ്രാൻ ഖാൻ ക്രൂരപീഡനത്തിന് ഇരായാവുകയാണ്. നിയമവിരുദ്ധമായി അദ്ദേഹത്തെ ഏകാന്തതടവിലാക്കിയിരിക്കുകയാണെന്നും അവർ പറഞ്ഞു.
ഇമ്രാൻ ഖാന്റെ ചികിത്സയും സന്ദർശക നിയന്ത്രണവും സംബന്ധിച്ച് കുടുംബം നേരത്തെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ജയിലിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കുടുംബാംഗങ്ങൾക്കൊപ്പം നിരവധി പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.ടി.ഐ) പ്രവർത്തകരും ചേർന്നു. ഇതിന് പിന്നാലെ, ജയിലിന് സുരക്ഷ വർധിപ്പിച്ച അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും വ്യക്തമാക്കി.
പി.ടി.ഐ സെക്രട്ടറി ജനറൽ സൽമാൻ അക്രം രാജ, ഖൈബർ പഖ്തൂൻഖ പ്രവിശ്യാമേധാവി ജുനൈദ് അക്ബർ ഖാൻ എന്നിവരടക്കം മുതിർന്ന നേതാക്കൾ പ്രതിഷേധത്തിനെത്തി. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇമ്രാന് സന്ദർശകരെ അനുവദിക്കണമെന്ന് കോടതി നിർദേശമുണ്ടായിട്ടും തുടർച്ചയായി അനുമതി നിഷേധിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ഡിസംബർ രണ്ടിന് സഹോദരിയായ ഉസ്മാ ഖാനുമിന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്താൻ അധികൃതർ അനുമതി നൽകിയിരുന്നു. 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ അദ്ദേഹം മാനസികമായി കടുത്ത സമ്മർദ്ദത്തിലാണെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് ഉസ്മ പറഞ്ഞു. പാക് സംയുക്ത സൈനീക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിൽ തനിക്ക് കടുത്ത മാനസീക പീഡനമേൽക്കേണ്ടി വരുന്നുവെന്ന് ഇമ്രാൻ ഖാൻ വെളിപ്പെടുത്തിയെന്നും അവർ പറഞ്ഞു.
അതേസമയം, ആരോപണങ്ങളെ പാക് സൈന്യം തള്ളി. ഇമ്രാൻ ഖാന് മാനസീകമായി പ്രശ്നങ്ങളുണ്ടെന്നും സൈന്യം ആരോപിച്ചു.
ഇതിനിടെ, ജയിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഉസ്മ ഖാനുമിന് ഭാവി സന്ദർശനത്തിൽ വിലക്കേർപ്പെടുത്തി അധികൃതർ നിർദേശം പുറപ്പെടുവിച്ചു. ജയിൽ രാഷ്ട്രീയ ചർച്ചകൾക്കുള്ള ഇടമല്ലെന്ന് പാക് നിയമകാര്യമന്ത്രി അസം നസീർ തരാർ പറഞ്ഞു. ജയിലിൽ രാഷ്ട്രീയ ചർച്ച നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്നാണ് ഉസ്മ ഖാനെ ഭാവി സന്ദർശനങ്ങളിൽ നിന്ന് വിലക്കിയതെന്നും തരാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

