
പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് നേരെ ലണ്ടനിൽ ആക്രമണം
text_fieldsലണ്ടൻ: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് നേരെ ലണ്ടനിൽ ആക്രമണം. പാകിസ്താനിലെ ഭരണകക്ഷിയായ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) പ്രവർത്തകർ ശനിയാഴ്ച നവാസ് ശരീഫിനെ ആക്രമിച്ചതായി മാധ്യമപ്രവർത്തകനായ അഹ്മദ് നൂറാനിയാണ് ട്വീറ്റ് ചെയ്തത്.
ആക്രമണത്തിൽ നവാസിന്റെ അംഗരക്ഷകന് പരിക്കേറ്റു. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഞായറാഴ്ച പാർലമെന്‍റിൽ വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് സംഭവം. അവിശ്വാസത്തിൽ ഇംറാൻ പരാജയപ്പെട്ടാൽ നവാസിന്റെ സഹോദരൻ ശഹബാസ് ശരീഫ് പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.
അക്രമം അഴിച്ച്‍വിടുന്ന പി.ടി.ഐ പ്രവർത്തകരെ ജയിലിലടക്കണമെന്ന് നവാസ് ശരീഫിന്റെ മകൾ മറിയം ആവശ്യപ്പെട്ടു. കൂടാതെ പ്രകോപനം, പ്രേരണ, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് ഇംറാൻ ഖാനെതിരെ കേസ് എടുക്കണമെന്നും ആരെയും വെറുതെ വിടാൻ പാടില്ലെന്നും മറിയം പറഞ്ഞു.
അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്
342 അംഗ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ ഇംറാൻ ഖാൻ സർക്കാറിന് 172 അംഗങ്ങളുടെ പിന്തുണ വേണം. പി.ടി.ഐക്ക് 155 അംഗങ്ങളാണുള്ളത്. പി.ടി.ഐയിൽതന്നെ ഇംറാനോട് എതിർപ്പുള്ളവരുണ്ട്. ഇതിൽ ചിലർ കൂറുമാറുമെന്ന അഭ്യൂഹം ശക്തമാണ്. ഏഴ് അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്‍റ് -പാകിസ്താൻ (എം.ക്യു.എം -പി), നാല് അംഗങ്ങളുള്ള ബാലൂചിസ്ഥാൻ അവാമി പാർട്ടി, ഒരു അംഗമുള്ള പി.എം.എൽ -ക്യൂ എന്നിവ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് ഇംറാന്‍റെ നില പരുങ്ങലിലായത്.
ദേശീയ അസംബ്ലിയിൽ 175 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. അതിനിടെ, അവിശ്വാസ പ്രമേയ വോട്ടെട്ടുപ്പ് നടക്കുമ്പോൾ ജനങ്ങളോട് തെരുവിലിറങ്ങി സമാധാനത്തോടെ പ്രതിഷേധിക്കാൻ ഇംറാൻ ആഹ്വാനം ചെയ്തു. തന്നെ പുറത്താക്കാൻ വിദേശ ശക്തികളുമായി ചേർന്ന് പ്രതിപക്ഷം ഗൂഢാലോചന നടത്തുകയാണെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു.
സ്വതന്ത്ര പാക്കിസ്താനുവേണ്ടി നിങ്ങൾ എല്ലാവരും പ്രതിഷേധിക്കണമെന്ന് ഇംറാൻ അഭ്യർഥിച്ചു. നേരത്തെ, പ്രതിപക്ഷം അമേരിക്കയുമായി ചേർന്ന് തന്നെ പുറത്താക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് ഇംറാൻ ആരോപിച്ചിരുന്നു. പാകിസ്താനിൽ ഒരു പ്രധാനമന്ത്രി പോലും കാലാവധി പൂർത്തിയാക്കിയിട്ടില്ല. അവിശ്വാസ പ്രമേയം നേരിടുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഇംറാൻ ഖാൻ.