പ്രധാനമന്ത്രിക്ക് മാപ്പ് നൽകാൻ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുൻ അഭിഭാഷകൻ
text_fieldsതെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മാപ്പ് നൽകാൻ പ്രസിഡന്റിന് കഴിയില്ലെന്ന് അദ്ദേഹത്തിന്റെ മുൻ അഭിഭാഷകൻ. പ്രധാനമന്ത്രി കുറ്റം സമ്മതിക്കാതെ പ്രസിഡന്റിന് മാപ്പ് നൽകാൻ അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചാനൽ 12ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
നെതന്യാഹുവിനെതിരായി പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ വീടിന് മുന്നിൽ വലിയ പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മുൻ അഭിഭാഷകന്റെ പ്രതികരണം.
മൂന്ന് അഴിമതി കേസുകളിലാണ് ആറുവർഷമായി നെതന്യാഹു വിചാരണ നേരിടുന്നത്. എല്ലാറ്റിലും നെതന്യാഹുവിന് മാപ്പ് നൽകണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി ട്രംപ് ഔദ്യോഗികമായി കത്തും നൽകി. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ നീക്കം. സുപ്രധാന സൂചനകളുള്ള അസാധാരണമായ അപേക്ഷയായതിനാൽ ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം അപേക്ഷയിൽ നടപടിയെടുക്കുമെന്ന് ഹെർസോഗിന്റെ ഓഫിസ് പ്രതികരിച്ചു.
അതേസമയം, മാപ്പുനൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കുറ്റം സമ്മതിച്ച് പശ്ചാത്താപം പ്രകടിപ്പിച്ച് അടിയന്തരമായി രാഷ്ട്രീയം വിടാതെ നെതന്യാഹുവിന് മാപ്പുനൽകാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് യായർ ലാപിഡ് പറഞ്ഞു. വെറുപ്പും വിഷവും വമിക്കുന്ന യന്ത്രം പ്രവർത്തനം നിർത്തുക മാത്രമാണ് രാജ്യത്ത് ഐക്യം തിരിച്ചെത്തിക്കാനുള്ള മാർഗമെന്നും അതിന് നെതന്യാഹു രാജിവെക്കണമെന്നും ഡെമോക്രാറ്റ്സ് പാർട്ടി അധ്യക്ഷൻ യായർ ഗോലാനും അഭിപ്രായപ്പെട്ടു. രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ നെതന്യാഹുവിന്റെ ശ്രമമാണിതെന്ന് യിസ്രയേൽ ബെയ്തനും ചെയർമാൻ അവിഗ്ദോർ ലീബർമാനും പ്രതികരിച്ചു.
ഗസ്സ വംശഹത്യയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റും നെതന്യാഹുവിനുണ്ട്. ചുമതലയിലിരിക്കെ വിചാരണ നേരിടുന്ന ഇസ്രായേലിന്റെ ചരിത്രത്തിലെ ആദ്യ പ്രധാനമന്ത്രിയാണ് നെതന്യാഹു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

