ജൂതനായതിൽ ലജ്ജിക്കുന്നുവെന്ന് മുൻ മൊസാദ് മേധാവി; ഇസ്രായേൽ നടപടി ഹോളോകോസ്റ്റിന് സമാനം
text_fieldsജറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ മുൻ മേധാവി തമീർ പാർഡോ.
വെസ്റ്റ് ബാങ്കിലെ നിലവിലെ സാഹചര്യം രണ്ടാം ലോകമഹായുദ്ധകാലത്ത് ജൂതന്മാർ നേരിട്ട ഹോളോകോസ്റ്റിന് സമാനമാണ്. അവിടെ കണ്ട കാഴ്ചകൾ തന്നെ ലജ്ജിപ്പിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. ഫലസ്തീൻ ഗ്രാമങ്ങളിൽ കുടിയേറ്റക്കാർ നടത്തുന്ന കടന്നാക്രമണങ്ങൾ നിരീക്ഷിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ അമ്മ ഹോളോകോസ്റ്റിൽനിന്ന് രക്ഷപ്പെട്ടവളാണ്. ഇന്ന് വെസ്റ്റ് ബാങ്കിൽ കണ്ട കാഴ്ചകൾ കഴിഞ്ഞ നൂറ്റാണ്ടിൽ ജൂതന്മാർക്കെതിരെ നടന്ന ക്രൂരതകളെയാണ് എന്നെ ഓർമിപ്പിക്കുന്നത്. ഇത് കാണുമ്പോൾ ഒരു ജൂതനായിരിക്കുന്നതിൽ എനിക്ക് വലിയ ലജ്ജ തോന്നുന്നു’-പാർഡോ പറഞ്ഞു.
തീവ്ര വലതുപക്ഷ മന്ത്രിമാരായ ഇറ്റാമർ ബെൻ-ഗ്വിർ, ബെസലേൽ സ്മോട്രിച്ച് എന്നിവരുടെ നിലപാടുകൾ രാജ്യത്തെ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മുൻ സൈനിക ഉദ്യോഗസ്ഥരായ മതൻ വിൽനായി, അമ്രാം മിറ്റ്‌സ്‌ന എന്നിവരും പാർഡോക്കൊപ്പം വെസ്റ്റ് ബാങ്ക് സന്ദർശനത്തിൽ പങ്കെടുത്തു.
2023 ഒക്ടോബർ മുതൽ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണങ്ങളിൽ 1,154 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് 7.5 ലക്ഷത്തോളം ജൂത കുടിയേറ്റക്കാരാണ് വെസ്റ്റ് ബാങ്കിലെ വിവിധ അനധികൃത കേന്ദ്രങ്ങളിലായി താമസിക്കുന്നത്. ഫലസ്തീൻ ഗ്രാമങ്ങൾ ചുട്ടെരിക്കുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്യുന്നത് അധിനിവേശത്തിന്റെ ഭാഗമാണെന്ന് അന്താരാഷ്ട്ര സമൂഹം ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇസ്രായേൽ ഇത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

