96 രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളി; യുദ്ധക്കുറ്റവാളി കൊസോവോ മുൻ പ്രസിഡന്റിന് 25 വർഷം തടവ്
text_fieldsഹാശിം താച്ചി
പ്രിസ്റ്റിന: കൊസോവോ സ്വാതന്ത്ര്യസമരകാലത്ത് നടന്ന യുദ്ധക്കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ പ്രസിഡന്റ് ഹാശിം താച്ചിക്ക് (58) 25 വർഷം തടവുശിക്ഷ വിധിച്ച് പ്രത്യേക ട്രൈബ്യൂണൽ. സെർബിയയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ കൊസോവോ ലിബറേഷൻ ആർമിയുടെ (കെ.എൽ.എ) കമാൻഡറായിരുന്ന താച്ചി നാല് പ്രധാന യുദ്ധക്കുറ്റങ്ങളിൽ കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തി.
1990 കളുടെ അവസാനത്തിൽ നടന്ന രൂക്ഷമായ പോരാട്ടത്തിനിടെ അനാവശ്യ കൊലപാതകങ്ങൾ, ക്രൂരമായ പീഡനം, നിയമവിരുദ്ധ തടങ്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നടപ്പിലാക്കുന്നതിൽ താച്ചിക്ക് വലിയ പങ്കുണ്ടെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളും സെർബിയൻ സുരക്ഷാ സേനയെ സഹായിച്ചുവെന്ന് ആരോപിക്കപ്പെട്ടവരുമായ 96 പേരെ കൊസോവോ ലിബറേഷൻ ആർമി കൊലപ്പെടുത്തിയ കേസിൽ താച്ചി കുറ്റക്കാരനാണെന്നാണ് കോടതിയുടെ അന്തിമ വിലയിരുത്തൽ. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഹാശിം താച്ചി നിഷേധിച്ചു.
അതേസമയം, കൊസോവോ സമൂഹത്തിൽ കടുത്ത അമർഷവും ഞെട്ടലുമാണ് ഈ വിധി ഉണ്ടാക്കിയിരിക്കുന്നത്. സെർബിയൻ അടിച്ചമർത്തലിൽ നിന്ന് സ്വാതന്ത്ര്യം നേടിത്തന്ന വിമോചന നായകന്മാരായി താച്ചിയെയും കെ.എൽ.എയെയും കാണുന്ന സാധാരണക്കാർക്ക് ഈ ശിക്ഷാവിധി വലിയ ആഘാതമായി. കൊസോവോ തലസ്ഥാനമായ പ്രിസ്റ്റിനയിൽ ആയിരക്കണക്കിന് ആളുകളാണ് വലിയ സ്ക്രീനുകളിൽ വിധി തത്സമയം വീക്ഷിച്ചത്. വിധി പുറത്തുവന്നതോടെ പലരും വിങ്ങിപ്പൊട്ടുകയും താച്ചിക്കും കെ.എൽ.എക്കും പിന്തുണ പ്രഖ്യാപിച്ച് തെരുവിൽ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

