‘‘ഗസ്സയിൽ നമ്മൾ ചെയ്യുന്നത് വിനാശകരമായ യുദ്ധമാണ്, വിവേചനവും പരിധിയുമില്ലാതെ, ക്രൂരവും കുറ്റകരവുമായ രീതിയിൽ’’; ഇസ്രായേൽ മുൻ പ്രധാനമന്ത്രി യഹൂദ് ഒൽമെർട്ട്
text_fieldsജറുസലേം: ഗസ്സ മുനമ്പിൽ യുദ്ധക്കുറ്റമാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് മുൻ പ്രധാനമന്ത്രി യഹൂദ് ഒൽമെർട്ട്. ഫലസ്തീൻ പൗരന്മാരെ വിവേചനവും പരിധിയുമില്ലാതെ ക്രൂരമായി കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പത്രമായ ഹരീറ്റ്സിൽ എഴുതിയ ലേഖനത്തിലാണ് ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേൽ സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്നത്.
‘‘ഒരു വർഷത്തിനിടെ ഇസ്രായേലിനെതിരെ ഉയർന്ന വംശഹത്യ, യുദ്ധക്കുറ്റ ആരോപണങ്ങൾ ഞാൻ പരസ്യമായി നിഷേധിച്ചിരുന്നു. കാരണം, ഭീകരമായ തോതിൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഗസ്സയിലെ സാധാരണക്കാരെ വിവേചനരഹിതമായി ആക്രമിക്കാൻ ഇസ്രായേൽ സർക്കാർ ഉത്തരവിട്ടിരുന്നില്ല. പക്ഷേ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടക്കുന്ന കൊലപാതകങ്ങളും പട്ടിണിയും എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചു’’ -ഒൽമെർട്ട് പറഞ്ഞു.
‘‘ഗസ്സയിൽ നമ്മൾ ചെയ്യുന്നത് വിനാശകരമായ യുദ്ധമാണ്. വിവേചനവും പരിധിയുമില്ലാതെ, ക്രൂരവും കുറ്റകരവുമായ രീതിയിൽ സാധാരണക്കാരെ കൊല്ലുകയാണ്. ഏതെങ്കിലും മേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതുകൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്. ഏതെങ്കിലും ചില യൂനിറ്റുകളിലെ ചില സൈനികരുടെ അംഗീകരിക്കാൻ കഴിയാത്ത പടനീക്കം കാരണവുമല്ല. മറിച്ച്, അറിഞ്ഞുകൊണ്ട്, ദുഷ്ടതയോടെ, ദുരുദ്ദേശ്യപൂർവം, ഉത്തരവാദിത്തമില്ലാതെ നിർദേശിക്കപ്പെട്ട സർക്കാർ നയത്തിന്റെ ഫലമാണിത്. അതെ, ഇസ്രായേൽ യുദ്ധക്കുറ്റമാണ് ചെയ്യുന്നത്.
ആദ്യത്തേത്, ഗസ്സയെ പട്ടിണിക്കിടുന്നതാണ്. വ്യക്തമായ ഒരു നയത്തിന്റെ ഭാഗമായി ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും മരുന്നും നമ്മൾ നിഷേധിക്കുകയാണ്. ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാൻ, ഉത്തരവുകൾ മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ് നെതന്യാഹു. പക്ഷേ, അദ്ദേഹത്തിന്റെ ചില കൂട്ടാളികൾ പരസ്യമായി, അഭിമാനത്തോടെ പോലും പറയുന്നു: അതെ, ഞങ്ങൾ ഗസ്സയെ പട്ടിണിയിലാക്കും. കാരണം, എല്ലാ ഗസ്സക്കാരും ഹമാസായതിനാൽ 20 ലക്ഷത്തോളം വരുന്ന അവരെ മൊത്തം ഉന്മൂലനം ചെയ്യാൻ ധാർമികവും സൈനികവുമായ പരിധികളൊന്നുമില്ല’’ -ഒൽമെർട്ട് ലേഖനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

