ബംഗ്ലാദേശ് മുൻ സൈനിക മേധാവി അറസ്റ്റിൽ
text_fieldsമസൂദുദ്ദീൻ ചൗധരി
ധാക്ക: ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ വൻ സ്വാധീനമുണ്ടായിരുന്ന മുൻ സൈനിക ജനറൽ ധാക്കയിൽ അറസ്റ്റിൽ. 2007ൽ നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബി.എൻ.പിയോട് ആഭിമുഖ്യം പുലർത്തുന്ന താൽക്കാലിക സർക്കാറിന് പകരം, സൈനിക പിന്തുണയുള്ള ഇടക്കാല സർക്കാർ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മുൻ ലെഫ്റ്റനന്റ് ജനറൽ മസൂദുദ്ദീൻ ചൗധരിയാണ് അറസ്റ്റിലായത്.
ഡിറ്റക്റ്റീവ് ബ്രാഞ്ച് ചൗധരിയെ രാത്രി ധാക്കയിലെ ബരിധരയിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നും ബ്രാഞ്ചിന്റെ മേധാവി ഷഫീഖുൽ ഇസാം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ചൗധരിക്കെതിരായ ആരോപണങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.
ആസ്ട്രേലിയയിൽ ബംഗ്ലാദേശിന്റെ അംബാസഡറായി സേവനമനുഷ്ഠിക്കുകയും പിന്നീട് ‘ജാതിയ’ പാർട്ടിയിൽനിന്ന് പാർലമെന്റ് അംഗമാവുകയും ചെയ്ത രാഷ്ട്രീയ പശ്ചാത്തലവും ചൗധരിക്കുണ്ട്.
2008 ഡിസംബറിലെ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിജയിക്കുകയും പിന്നീട് സ്ഥാനഭ്രഷ്ടയാക്കപ്പെടുകയും ചെയ്ത പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അവാമി ലീഗിന്റെ തെരഞ്ഞെടുപ്പ് സഖ്യകക്ഷിയായിരുന്നു ജാതിയ പാർട്ടി.
അന്നത്തെ ഇടക്കാല സർക്കാറിന്റെ ഭരണകാലത്ത്, നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്നും നിരവധി ക്രിമിനൽ, അഴിമതി കുറ്റങ്ങൾ ചുമത്തിയെന്നും ആരോപണമുയർന്നിരുന്നു. ദേശീയ കുറ്റകൃത്യങ്ങൾക്കായുള്ള ഏകോപനസമിതിയുടെ കോഓഡിനേറ്ററായിരുന്നു ചൗധരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

