ഉന്നത ഉദ്യോഗസ്ഥൻ ലൈംഗിക അടിമയാക്കി, തടവുകാരൻ ബലാത്സംഗം ചെയ്തു; വെളിപ്പെടുത്തലുമായി ഇസ്രായേലി ജയിൽ ഉദ്യോഗസ്ഥ, അന്വേഷണം
text_fieldsഗിൽബാവോ ജയിൽ
ജറുസലേം: ഇസ്രായേലിലെ അതിസുരക്ഷാ ജയിലിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥർ ലൈംഗിക അടിമയാക്കിയെന്നും ഫലസ്തീൻ തടവുകാരൻ നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയെന്നും പരാതിയുമായി മുൻ ഇസ്രായേലി വനിതാ ജയിൽ ഗാർഡ്. വെളിപ്പെടുത്തൽ വൻ വിവാദമായതോടെ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി യയ്ർ ലപീദ് ഉറപ്പുനൽകി.
അതീവസുരക്ഷയുള്ള ഗിൽബാവോ ജയിലിലെ മുൻ ഉദ്യോഗസ്ഥയാണ് വെളിപ്പെടുത്തൽ നടത്തിയത്. ജയിലിനുള്ളിൽ ഒരു പലസ്തീൻ തടവുകാരനാൽ തുടർച്ചയായി താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അയാളുടെ 'സ്വകാര്യ ലൈംഗിക അടിമ'യെന്ന പോലെ കഴിയേണ്ടിവന്നതിന് സാഹചര്യമൊരുക്കിയത് തന്റെ മേലുദ്യോഗസ്ഥരാണെന്നും ഇവർ പറയുന്നു.
ഗിൽബാവോ ജയിലിൽ വനിതാ ഉദ്യോഗസ്ഥരെ തടവുകാർ ഉപദ്രവിക്കുന്നുവെന്ന റിപ്പോർട്ടുകൾ വർഷങ്ങളായി ഇസ്രായേൽ മാധ്യമങ്ങളിൽ വരാറുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ആറ് ഫലസ്തീൻ തടവുകാർ ജയിലിൽ നിന്ന് പുറത്തുചാടിയതോടെ ജയിലിലെ വാർത്തകൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
പുരുഷന്മാരായ മേലുദ്യോഗസ്ഥർ വനിതാ ഉദ്യോഗസ്ഥരെ തടവുകാർക്കിടയിലേക്ക് അപകടകരമായ സാഹചര്യങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നുവെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച നിരവധി വെളിപ്പെടുത്തലുകൾ നേരത്തെയും വന്നിട്ടുണ്ട്.
തന്നെ ഫലസ്തീൻ തടവുകാരൻ തുടർച്ചയായി ബലാത്സംഗത്തിനിരയാക്കിയെന്ന വെളിപ്പെടുത്തൽ മുൻ ജയിൽ ഉദ്യോഗസ്ഥ കഴിഞ്ഞയാഴ്ചയാണ് നടത്തിയത്. തന്നെ ലൈംഗിക അടിമയാക്കാൻ തന്‍റെ മേലുദ്യോഗസ്ഥൻ തടവുകാരന് കൈമാറുകയായിരുന്നെന്ന് ഇവർ ആരോപിച്ചു. ബലാത്സംഗത്തിനിരയാകരുതേയെന്നാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ, തുടർച്ചയായി ബലാത്സംഗത്തിനിരയായി.
മുൻ ജയിൽ ഉദ്യോഗസ്ഥയുടെ അഭിഭാഷകൻ ഇസ്രായേൽ ചാനലിലൂടെ മാനസിക പിന്തുണ ആവശ്യപ്പെട്ട് അഭ്യർഥന നടത്തിയിരുന്നു.
ജയിൽ ഉദ്യോഗസ്ഥയെ തടവുകാരൻ ബലാത്സംഗം ചെയ്യുന്ന സാഹചര്യം ഒരിക്കലും അനുവദിക്കാവുന്നതല്ലെന്നും അന്വേഷണം നടത്തുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി യയ്ർ ലപീദ് ഞായറാഴ്ച മന്ത്രിസഭാ യോഗത്തിൽ ഉറപ്പുനൽകി. വെളിപ്പെടുത്തൽ ഇസ്രായേൽ ജനതയെ ഞെട്ടിച്ചുവെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി ഒമർ ബാർലേവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

