`മകളെ രക്ഷിക്കാന്‍ നീ ജീവന്‍ ബലിയർപ്പിച്ച കഥ അവൾക്ക് പറഞ്ഞുകൊടുക്കും'; ഭാര്യയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി വെനിസ്വേലന്‍ ഫുട്ബാൾ താരം
text_fieldsകറാക്കസ്: ഇരട്ട ഭൂചലനം തകർത്ത വെനിസ്വേലയിൽ നിന്നും ഹൃദയഭേദകവും വീരോചിതവുമാായ വാർത്തയാണ് പുറത്തുവരുന്നത്. ഭൂചലനത്തിൽ തകർന്ന കെട്ടിടത്തിനിടയിൽ നിന്ന് വെനിസ്വേലന്‍ ഫുടബാൾ താരം ഹെക്ടർ ബെല്ലോയുടെ മകൾ അലാനയെ ജീവനോടെ പുറത്തെടുത്തു. എന്നാൽ അദ്ദേഹത്തിന്‍റെ ഭാര്യ ആന്‍ഡ്രിയക്ക് ജീവന്‍ നഷ്ടമായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിലാണ് അലാനയെ ജീവനോടെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ കാരക്കാസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യയുടെ വിയോഗത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഹെക്ടർ ബെല്ലോ രംഗത്തെത്തി. "നീ എന്നും ഞങ്ങളുടെ പ്രിയപ്പെട്ട ഹീറോയായിരിക്കും മമ്മി. നമ്മുടെ കുഞ്ഞിന് എത്രത്തോളം അതിശയകരമായ ഒരു അമ്മയായിരുന്നു നിയെന്നും നീ എത്രമാത്രം സ്നേഹം നൽകിയിരുന്നുവെന്നും ഞാൻ അവൾക്ക് പറഞ്ഞുകൊടുക്കും.അവളെ രക്ഷിക്കാൻ നീ നിന്റെ ജീവൻ ബലിയർപ്പിച്ച കഥ ഞാൻ അവൾക്ക് പറഞ്ഞുകൊടുക്കും. അവസാന നിമിഷം വരെ മകളെ കൈവിടാത്ത ധീരയായ സ്ത്രീയായിരുന്നു നീ" അദ്ദേഹം കുറിച്ചു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇരുവരയെും പുറത്തെടുത്തപ്പോൾ നിർഭാഗ്യവശാൽ ആന്‍ഡ്രിയക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. തന്റെ മകൾക്ക് വേണ്ടി പങ്കുവെച്ച മറ്റൊരു കുറിപ്പിൽ തനിക്ക് സുഖം പ്രാപിക്കാൻ മകളുടെ കരുത്ത് ആവശ്യമാണെന്നാണ് ബെല്ലോ കുറിച്ചത്. `മകളേ... നീ ശക്തയായിരിക്കണം. അല്പം കൂടി കാത്തിരിക്കൂ. തകർന്നുപോയ എന്റെ ഹൃദയത്തെ സുഖപ്പെടുത്താൻ നിനക്ക് മാത്രമേ കഴിയൂ. പണ്ടത്തെപ്പോലെ സന്തോഷവാനായ നിന്റെ അച്ഛനെ ഇനി കാണാൻ കഴിഞ്ഞെന്ന് വരില്ല, പക്ഷേ നിന്നെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള കുട്ടിയായി വളർത്തുമെന്ന് ഞാൻ വാക്ക് നൽകുന്നു. ഇനി ഞാനും നീയും മാത്രമാണുള്ളത്, നമ്മുടെ മമ്മി സ്വർഗ്ഗത്തിൽ നിന്ന് നമ്മളെ നോക്കുന്നുണ്ടാകും. ആൻഡ്രിയ എനിക്ക് കരുത്ത് നൽകുമെന്ന് അറിയാം. ഈ ദുരിതത്തിനിടയിലും അവൾക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, അവൾ ചെയ്തതുപോലെ നിന്നെ എന്റെ ജീവൻ കൊടുത്തു സംരക്ഷിക്കണമെന്നായിരിക്കും അവൾ പറയുക' വെനസ്വേലയിലുടനീളം വൻ നാശനഷ്ടങ്ങളാണ് ഇരട്ട ഭൂചലനം വിതച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 1400 കടന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും അരലക്ഷത്തോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

