ഹോളിവുഡ് സിനിമയെ പോലും വെല്ലും മോഷണം; ലൂവ്ര് മ്യൂസിയത്തിലെ മോഷണദൃശ്യങ്ങൾ പുറത്ത് -VIDEO
text_fieldsഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന രീതിയിലാണ് ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിൽ മോഷ്ടാക്കൾ മോഷണം നടത്തിയത്. ഇപ്പോൾ മോഷണത്തിന്റെ ചില ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മോഷ്ടാക്കളിലൊരാൾ വിലമതിക്കാനാവത്ത വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ചില്ലുകൂട് തകർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
മ്യൂസിയത്തിന്‍റെ ഭാഗത്ത് നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇത് മുതലാക്കിയാണ് മോഷണസംഘം മ്യൂസിയത്തിനുള്ളിലേക്ക് കടന്നത്. ഇവിടെനിന്ന് ബാസ്കറ്റ് ലിഫ്റ്റ് ഉപയോഗിച്ച് മൂന്നോ നാലോ മോഷ്ടാക്കൾ ഗാലറിയിലെത്തിയാണ് കൃത്യം നിർവഹിച്ചത്. മോഷണത്തിന് പിന്നാലെ ഇതേവഴി പുറത്തെത്തി മോട്ടോർ സൈക്കിളിൽ രക്ഷപെടുകയും ചെയ്തു. മോഷണം നടന്നതിനെത്തുടർന്ന് മ്യൂസിയം അടച്ചു. മോഷ്ടാക്കൾക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.
സഞ്ചാരികളുടെ മാത്രമല്ല, കവർച്ചക്കാരുടെയും പ്രിയ മ്യൂസിയമാണ് പാരിസിലെ ലൂവ്ര്. ലിയനാർദോ ഡാവിഞ്ചിയുടെ മാസ്റ്റർപീസ് സൃഷ്ടിയായ മൊണലിസയെ മോഷ്ടിച്ചതുൾപ്പെടെ പല കവർച്ചകളുടെ വലിയ ചരിത്രമുള്ള മ്യൂസിയം കൂടിയാണിത്. 1911ൽ മ്യൂസിയം ജീവനക്കാരിലൊരാളാണ് മുറിക്കുള്ളിൽ ഒളിച്ചിരുന്ന് ആ ലോകപ്രശസ്ത പെയ്ന്റിങ് കൈക്കലാക്കി പുറത്തുകടത്തിയത്. രണ്ട് വർഷത്തിന് ശേഷം ഫ്ലോറൻസിൽനിന്ന് മോണലിസയെ തിരികെക്കിട്ടി. പെയ്ന്റിങ് വിശ്വപ്രസിദ്ധമായത് ഈ മോഷണത്തിനുശേഷമാണ്.
12-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫിലിപ്പ് രണ്ടാമൻ രാജാവ് പാരിസ് നഗരത്തെ സംരക്ഷിക്കാൻ നിർമിച്ച ഒരു കോട്ടയായിരുന്നു ലൂവ്ര്. പിന്നീട് ഫ്രാൻസിസ് ഒന്നാമൻ രാജാവിന്റെ കാലത്ത് (16-ാം നൂറ്റാണ്ട്) ഇത് രാജാക്കന്മാരുടെ കൊട്ടാരമായി രൂപാന്തരപ്പെട്ടു. ലൂയി പതിനാലാമൻ രാജാവ് വേഴ്സായിലെ കൊട്ടാരത്തിലേക്ക് താമസം മാറിയതോടെ ലൂവ്ര് ഒരു കലാശേഖരണ കേന്ദ്രമായി മാറി. ഫ്രഞ്ച് വിപ്ലവകാലത്ത് രാജ്യത്തിന്റെ കലാസൃഷ്ടികൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാൻ വേണ്ടി 1793 ആഗസ്റ്റ് 10ന് ലൂവ്ര് ഔദ്യോഗികമായി ഒരു പൊതു മ്യൂസിയമായി തുറന്നു. മെസപ്പൊട്ടേമിയ, ഈജിപ്ത്, ഗ്രീസ്, റോം എന്നിവിടങ്ങളിലെ പുരാവസ്തുക്കൾ, ചിത്രകലകൾ, ശില്പങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങി പ്രീ-ഹിസ്റ്ററി കാലഘട്ടം മുതൽ 21-ാം നൂറ്റാണ്ടുവരെയുള്ള 380,000ത്തിലധികം വസ്തുക്കളുടെ വലിയ ശേഖരം ലൂവ്ര് മ്യൂസിയത്തിലുണ്ട്. ഇതിൽ 35,000ഓളം സൃഷ്ടികൾ പൊതുപ്രദർശനത്തിനായി വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

