Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സ ഗുരുതര...

ഗസ്സ ഗുരുതര ക്ഷാമത്തിലേക്ക്; വരും ആഴ്ചകളിൽ കൂടുതൽ കുട്ടികളുടെ മരണം കാണേണ്ടിവരുമെന്ന് ഭയപ്പെടുന്നു -യുനിസെഫ് വക്താവ്

text_fields
bookmark_border
ഗസ്സ ഗുരുതര ക്ഷാമത്തിലേക്ക്; വരും ആഴ്ചകളിൽ കൂടുതൽ കുട്ടികളുടെ മരണം കാണേണ്ടിവരുമെന്ന് ഭയപ്പെടുന്നു -യുനിസെഫ് വക്താവ്
cancel

ഗസ്സ സിറ്റി: ഇസ്രായേലിന്റെ കടുത്ത ഉപരോധത്തിൽ ഗസ്സ ഗുരുതരമായ ക്ഷാമത്തി​ലേക്കെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. യുദ്ധത്തിൽ തകർത്തെറിഞ്ഞ ഫലസ്തീൻ പ്രദേശത്ത് ഉപരോധം ഏർപ്പെടുത്തി 10 ആഴ്ചകൾ പിന്നിട്ടിരിക്കവെയാണിത്. ഭക്ഷണം, മരുന്ന്, പാർപ്പിടം, ഇന്ധനം എന്നിവയുൾപ്പെടെ എല്ലാ സഹായങ്ങളുടെയും വിതരണങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.

2024 ഒക്ടോബറിലെ അവസാന വിലയിരുത്തൽ മുതൽ ഗസ്സയിലെ ഭക്ഷ്യസുരക്ഷാ സാഹചര്യത്തിൽ വൻ തകർച്ച ഉണ്ടായിട്ടുണ്ടെന്നും അവിടെ താമസിക്കുന്ന ഫലസ്തീനികൾ ഗുരുതരമായ ക്ഷാമ സാധ്യത നേരിടുന്നുണ്ടെന്നും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറഞ്ഞു.

ജനങ്ങളുടെ നിലനിൽപ്പിന് അത്യാവശ്യമായ സാധനങ്ങൾ മിക്കയിടങ്ങളിലും ഇതിനകം തീർന്നുപോയി. ചിലയിടങ്ങളിൽ വരും ആഴ്ചകളോടെ തീരും. മുഴുവൻ ജനങ്ങളും ഉയർന്ന തോതിലുള്ള കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. അഞ്ചിലൊരാൾ എന്ന തോതിൽ അര ദശലക്ഷം ആളുകൾ കടുത്ത പട്ടിണി നേരിടുന്നുവെന്ന് ലോകമെമ്പാടുമുള്ള പ്രതിസന്ധികളിൽ ക്ഷാമ സാധ്യത വിലയിരുത്താൻ യു.എന്നും അന്താരാഷ്ട്ര എൻ.‌ജി‌.ഒകളും ചുമതലപ്പെടുത്തിയ സ്വതന്ത്ര കൺസോർഷ്യമായ ഐ.പി.സി പറഞ്ഞു.

ഈ മനുഷ്യ നിർമിത ക്ഷാമം ഭക്ഷണം ലഭിക്കാത്ത കുട്ടികളുടെ ഒരു തലമുറയെ മുഴുവൻ എ​ന്നെന്നേക്കുമായി ബാധിക്കുമെന്ന് ​ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥൻ റിക്ക് പീപ്പർകോണും മുന്നറിയിപ്പ് നൽകുന്നു.

മൂന്ന് ഘട്ടങ്ങളായി പ്രഖ്യാപിച്ചിരുന്ന വെടിനിർത്തലിന്റെ ആദ്യഘട്ടം അവസാനിച്ചതിനുശേഷം മാർച്ച് ആദ്യം ഇസ്രായേൽ കർശനമായ ഉപരോധം ഏർപ്പെടുത്തി. രണ്ടാഴ്ചക്കുള്ളിൽ ഇസ്രായേൽ സൈന്യത്തിന്റെ പുതിയ ആക്രമണങ്ങളിലൂടെ വെടി നിർത്തൽ എന്നെന്നേക്കുമായി ലംഘിച്ചു.

സമീപ ദിവസങ്ങളിൽ അവശ്യവസ്തുക്കളുടെ വില കൂടുതൽ ഉയർന്നതായും വെയർഹൗസുകൾ കാലിയായെന്നും പോഷകാഹാരക്കുറവുള്ള കുട്ടികളെ ചികിത്സിക്കുന്ന മാനുഷിക സംഘങ്ങൾ ഒരാൾക്ക് വേണ്ടിയുള്ള റേഷൻ രണ്ട് രോഗികൾക്കിടയിൽ വിഭജിക്കാൻ നിർബന്ധിതരായെന്നും ഗസ്സയിലെ സഹായ പ്രവർത്തകർ പറഞ്ഞതായി ഗാർഡിയൻ റി​പ്പോർട്ട് ചെയ്തു.

‘വെടിനിർത്തൽ കാലയളവിൽ ഞങ്ങൾ കൊണ്ടുവന്ന സ്റ്റോക്കുകൾ വളരെ കുറവാണ്. വർഷാരംഭം മുതൽ ഞങ്ങൾ 11,000ത്തിലധികം കുട്ടികളെ ചികിത്സിച്ചു. വരും ആഴ്ചകളിൽ, കൂടുതൽ കുട്ടികൾ മരിക്കുന്നത് കാണുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു’ - തെക്കൻ ഗസ്സയിലെ യുനിസെഫ് വക്താവ് ജോനാഥൻ ക്രിക്സ് പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാർഷിക സംഘടന ഗസ്സ ക്ഷാമത്തിന്റെ ആസന്നമായ അപകടസാധ്യത നേരിടുന്നുവെന്ന് പ്രത്യേകം മുന്നറിയിപ്പ് നൽകി. നിരാശരായ ഫലസ്തീനികളും സംഘടിത സംഘങ്ങളും നിർബന്ധിതാവസ്തകളിൽ ചെയ്യുന്ന ലംഘനങ്ങളെത്തുടർന്ന് ക്രമസമാധാനവും തകർന്നു.

അവശേഷിക്കുന്ന 59 ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ പറയുന്നു. ഹമാസ് ഗസ്സയിൽ തടവിലിട്ട അവസാനത്തെ യു.എസ്-ഇസ്രായേൽ പൗരനായ 21 വയസ്സുള്ള ഒരു സൈനികനെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.

അതിനിടെ, ഖാൻ യൂനിസിലെ നസർ മെഡിക്കൽ കോംപ്ലക്സിൽ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ. പത്രപ്രവർത്തകൻ ഹസ്സൻ ഇസ്ലാഹ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും മറ്റ് നിരവധി രോഗികൾക്കും ജീവനക്കാർക്കും പരിക്കേൽക്കുകയും ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazafood securityhungerGaza GenocideFamine in Gaza
News Summary - Food security experts warn Gaza at ‘critical risk of famine’ amid Israeli blockade
Next Story