ബോംബിനൊപ്പം ഭക്ഷണപ്പൊതികളും; ഇരട്ടത്താപ്പിെൻറ ബൈഡൻ മുഖം
text_fieldsറഫയിൽ ഇസ്രായേൽ തകർത്ത അൽമസ്രി ടവറിന്റെ അവശിഷ്ടടങ്ങളിൽനിന്ന് കിട്ടിയ വസ്തുക്കളുമായി മടങ്ങുന്ന താമസക്കാർ
ഗസ്സ സിറ്റി: മരണം പെയ്ത് ഗസ്സക്കുമേൽ ഓരോ ദിനവും ഇസ്രായേൽ ചൊരിയുന്ന ബോംബുകളിലേറെയും അമേരിക്കൻ ആയുധക്കമ്പനികളുടെ മുദ്രയുള്ളതാണ്. കപ്പലേറിയും അല്ലാതെയും 100ലേറെ തവണയാണ് മാസങ്ങൾക്കിടെ യു.എസ് ആയുധങ്ങൾ ഇസ്രായേലിലെത്തിച്ചത്. ലോകം മുഴുക്കെ പ്രതിഷേധവുമായി ഇറങ്ങിയിട്ടും അത് തുടർന്നുകൊണ്ടിരിക്കുന്നു. ബൈഡനുള്ളിടത്തോളം അത് മാറില്ലെന്ന ഉറപ്പും അദ്ദേഹം നൽകിക്കഴിഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിക്കഴിഞ്ഞ സ്വന്തം നാട്ടിൽ പക്ഷേ, ഗസ്സ വംശഹത്യ സ്വന്തം കാലിനടിയിലെ മണ്ണിളക്കുമോയെന്ന ആധിയുയർത്തിയത് പുതിയ പ്രതിവിധികൾക്ക് ബൈഡനെ നിർബന്ധിക്കുകയാണ്.
അടുത്തിടെയായി മറ്റു രാജ്യങ്ങൾക്കൊപ്പം വിമാനമാർഗം യു.എസ് സഹായങ്ങൾ ഗസ്സയുടെ ചില ഭാഗങ്ങളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. വ്യോമമാർഗം നൽകുന്നതിനൊപ്പം കടൽ മാർഗവും എത്തിക്കാനായി ഗസ്സയിൽ താത്കാലിക തുറമുഖത്തിന്റെ നിർമാണവും ആരംഭിച്ചുകഴിഞ്ഞു. 60 ദിവസത്തിനകം പൂർത്തിയാക്കി കടൽമാർഗമുള്ള സഹായങ്ങൾക്ക് കേന്ദ്രമായി ഇതിനെ മാറ്റുകയാണ് ലക്ഷ്യം. എന്നാൽ, ഒരേ സമയം ഇരകൾക്ക് ഭക്ഷണവും ആക്രമികൾക്ക് ബോംബും നൽകുന്ന നയം മനസ്സിലാകുന്നില്ലെന്ന് സ്വന്തം പാർട്ടിയിലെ തന്നെ പ്രതിനിധിയായ റോ ഖന്ന പറയുന്നു.
എല്ലാ വശങ്ങളിലും അതിർത്തികളുണ്ടെങ്കിലും അവയെല്ലാം ഇസ്രായേൽ അടച്ചിട്ടിരിക്കുകയാണ്. റഫ അതിർത്തിയിൽ ആയിരക്കണക്കിന് സഹായ ട്രക്കുകൾ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. ഗസ്സക്കകത്ത് ഇവയുടെ വിതരണത്തിന് യു.എൻ സംവിധാനം നിലനിൽക്കെയാണ് അവ മാറ്റിവെച്ച് അലക്ഷ്യമായി വിമാനമാർഗം സഹായ പാക്കറ്റുകൾ നൽകുന്നത്.
സഹായ പാക്കറ്റുകൾക്കൊപ്പമുള്ള പാരച്ചൂട്ടുകൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവ ശരീരത്തിൽ വീണ് അഞ്ചു ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഗസ്സയിലെ സാധാരണക്കാരെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ നയങ്ങളിൽ ഒന്നുപോലും തിരുത്താൻ ശ്രമിക്കാതെ വംശഹത്യക്കെതിരായ രോഷം ശമിപ്പിക്കാൻ എളുപ്പവഴികൾ മതിയെന്ന നിലപാടാണ് വൈരുധ്യമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

