ഫ്ലൈദുബൈ തകർക്കാനുള്ള നീക്കം തടഞ്ഞത് ഇന്ത്യ, യു.എ.ഇ, ഇസ്രായേൽ ഭീകരവിരുദ്ധ കൂട്ടായ്മയുടെ മാതൃകയെന്ന് ഇസ്രായേൽ
text_fieldsതെൽ അവീവ്: ഫ്ലൈദുബായ് വിമാനം തകർക്കാൻ ഒമാൻ പൗരനായ സഹപൈലറ്റ് നടത്തിയ ശ്രമം തടയാൻ ഇന്ത്യൻ പൈലറ്റും ഇസ്രായേലി യാത്രക്കാരും യു.എ.ഇ ക്രൂ അംഗങ്ങളും ഒരുമിച്ച് പ്രവർത്തിച്ചത് മൂന്ന് രാജ്യങ്ങൾ ചേർന്നുള്ള ഭീകരവിരുദ്ധ കൂട്ടായ്മയുടെ മാതൃകയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം എക്സിൽ. ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
172 യാത്രക്കാരുമായി പറന്ന വിമാനത്തിലെ എല്ലാവരെയും കൊലപ്പെടുത്താൻ ഒമാനി പൗരൻ ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാൽ വിമാനം രക്ഷിക്കാൻ ജീവൻ പണയംവെച്ച് പോരാടിയ ഇന്ത്യൻ പൈലറ്റിനെയും ഇമാറാത്തി ക്രൂവിനെയും ധീരരായ ഇസ്രായേലി യാത്രക്കാരെയുമാണ് അയാൾക്ക് നേരിടേണ്ടി വന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമി എന്ന കോ-പൈലറ്റ് കോക്ക്പിറ്റിനുള്ളിൽ ഇന്ത്യൻ ഫ്ലൈറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ ഇന്ത്യൻ പൈലറ്റ് ശക്തമായി പ്രതിരോധിച്ചു.
വിമാനം അപകടകരമായ രീതിയിൽ താഴേക്ക് പതിക്കുന്നതിനിടെ, ഗുരുതരമായി പരിക്കേറ്റ പൈലറ്റ് കോക്ക്പിറ്റ് വാതിൽ തുറന്നു കൊടുക്കുകയും, ഇത് യാത്രക്കാർക്ക് ഉള്ളിൽ പ്രവേശിക്കാൻ സഹായകരമാവുകയും ചെയ്തു. തുടർന്ന് ഓഫ്-ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി താഴെയിറക്കി.
ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും നിലവിൽ അപകടനില തരണം ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ ധീരമായ നടപടിയെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ ലോകനേതാക്കൾ പ്രശംസിച്ചിരുന്നു.
ഒമാൻ സ്വന്തം രാജ്യത്ത് ഈ പൈലറ്റിനെ പറക്കുന്നതിൽനിന്ന് വിലക്കിയിരുന്നെങ്കിലും ഫ്ലൈദുബായിൽ ജോലി ചെയ്യാൻ എങ്ങനെ അനുമതി ലഭിച്ചു എന്നതിൽ ദുരൂഹത തുടരുകയാണ്. ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യത്തെ പൗരന്മാർക്ക് ഇസ്രായേലിലേക്ക് സർവിസ് നടത്തുന്ന വിമാനങ്ങളിൽ ജോലി ചെയ്യാൻ എങ്ങനെ അനുമതി ലഭിച്ചു എന്നതിനെക്കുറിച്ച് അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളുടെ പൗരന്മാർ രാജ്യത്തേക്ക് പറക്കുന്നത് തടയാൻ വിവിധ എയർലൈനുകളുമായി കരാറുകൾ ഉണ്ടെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

