Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്ലൈദുബൈ സഹപൈലറ്റിന് മാനസിക പ്രശ്നമോ? പുറത്തുവന്ന തെളിവുകൾ എന്ത് പറയുന്നു?

text_fields
bookmark_border
A flydubai Boeing 737 aircraft on the tarmac at Tabuk airport in Saudi Arabia following the emergency diversion.
cancel

തെൽഅവീവ്: ദുബൈയിൽ നിന്ന് തെൽഅവീവിലേക്ക് പറന്ന ഫ്ലൈ ദുബൈ യാത്രാവിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച് വിമാനം താഴേക്ക് വീഴ്ത്താൻ ശ്രമിച്ചത് സംഘടിത ഭീകരാക്രമണമല്ലെന്നും, വ്യക്തിപരമായ കടുത്ത മാനസിക തകർച്ചയോ ആത്മഹത്യാ ശ്രമമോ ആകാനാണ് കൂടുതൽ സാധ്യതയെന്നും അന്താരാഷ്ട്ര വ്യോമയാന-മാനസികാരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തൽ. സംഭവത്തിന് പിന്നിൽ ഭീകരവാദ അജണ്ടയാണെന്ന ഇസ്രായേൽ സർക്കാരിന്റെ വാദങ്ങൾക്ക് കൃത്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഏവിയേഷൻ രംഗത്തെ വിദഗ്ദ്ധരും നിരീക്ഷകരും ഈ നിഗമനത്തിലെത്തുന്നത്.

ഇതിനെ ഒരു ഭീകരാക്രമണമായി മുദ്രകുത്തുന്നതിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും സംശയം പ്രകടിപ്പിച്ചിരുന്നു. ‘അയാൾ ഒരുപക്ഷേ ഒരു ഭീകരനായിരിക്കാം, അല്ലെങ്കിൽ മാനസികനില തെറ്റിയ ഒരാളായിരിക്കാം’ എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. വിമാനം അപകടത്തിൽപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹപൈലറ്റ് കോക്ക്പിറ്റിലിരുന്ന് ‘എന്നെ കൊല്ലൂ, എന്നെ കൊല്ലൂ’ എന്ന് ക്രൂ അംഗങ്ങളോട് ആക്രോശിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തന്നെ സ്ഥിരീകരിച്ചിരുന്നു. ഒരു ഭീകര സംഘടനക്ക് കീഴിൽ ആസൂത്രണം ചെയ്ത ഓപറേഷനേക്കാൾ, സ്വയം നിയന്ത്രണം നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ ഗുരുതരമായ ഡിപ്രഷനോ ആത്മഹത്യാ ത്വരയോ ആണ് ഈ അലർച്ച വ്യക്തമാക്കുന്നതെന്നാണ് സൈക്കോളജിസ്റ്റുകളും അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.

എയർലൈൻ നിലപാട് ‘കയ്യാങ്കളി’ മാത്രം

സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു അന്താരാഷ്ട്ര ഭീകര സംഘടനയും ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സാധാരണയായി വിമാനം റാഞ്ചലോ തകർക്കലോ ലക്ഷ്യമിടുന്ന ഭീകര ഗ്രൂപ്പുകൾ ഇത്തരം സംഭവങ്ങൾ ഉടൻ തന്നെ സ്വന്തം പ്രചാരണത്തിനായി ഉപയോഗിക്കാറുള്ളതാണ്. എന്നാൽ ഇവിടെ അത്തരം യാതൊരു സൂചനകളും പുറത്തുവന്നിട്ടില്ല.

മാത്രമല്ല, വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ ഈ സംഭവത്തെ ഭീകരാക്രമണമായി ഒരിടത്തും വിശേഷിപ്പിച്ചിട്ടില്ല. ‘കോക്ക്പിറ്റിനുള്ളിൽ പൈലറ്റുമാർ തമ്മിലുണ്ടായ കയ്യാങ്കളിയും തർക്കവും’ എന്നാണ് എയർലൈൻ ഔദ്യോഗികമായി വ്യക്തമാക്കിയത്. യു.എ.ഇ അറ്റോർണി ജനറലിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണവും ഇതിന് എന്തെങ്കിലും ബാഹ്യ തീവ്രവാദ ബന്ധമുണ്ടോ അതോ വ്യക്തിപരമായ മാനസിക പ്രശ്നങ്ങളാണോ എന്ന് ശാസ്ത്രീയമായി പരിശോധിച്ച് വരികയാണ്.

ഇനിയും മറുപടി ലഭിക്കാത്ത 3 സുരക്ഷാ ചോദ്യങ്ങൾ

സംഭവത്തിന് പിന്നിൽ കേവല ഭീകരവാദ ആരോപണങ്ങൾക്കപ്പുറം വ്യോമയാന വിദഗ്ദ്ധരെ കുഴക്കുന്ന മൂന്ന് പ്രധാന സാങ്കേതിക ചോദ്യങ്ങൾ അവശേഷിക്കുകയാണ്:

1. ആ സീറ്റിൽ ഒമാനി പൈലറ്റ് എങ്ങനെ എത്തി?

തെൽഅവീവിലേക്ക് സർവീസ് നടത്തുന്ന ഫ്ലൈ ദുബൈ വിമാനങ്ങളിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളുടെ പാസ്‌പോർട്ട് ഉള്ള പൈലറ്റുമാർക്ക് മാത്രമേ അനുമതിയുള്ളൂ എന്നാണ് വ്യോമയാന വൃത്തങ്ങൾ നൽകുന്ന വിവരം. ഒമാന് ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാതിരിക്കെ, മുമ്പ് തീവ്രവാദ നിലപാടുകളുടെ പേരിൽ ഒമാനിൽ വിലക്ക് നേരിട്ടുവെന്ന് പറയപ്പെടുന്ന ഒരു പൈലറ്റ് ഇസ്രായേൽ റൂട്ടിൽ സഹപൈലറ്റായി എത്തിയത് എങ്ങനെ എന്നതിന് കൃത്യമായ മറുപടിയില്ല.

2. സുരക്ഷാ വാതിൽ ആര്, എങ്ങനെ തുറന്നു?

സെപ്റ്റംബർ 11 ആക്രമണങ്ങൾക്ക് ശേഷം വിമാനങ്ങളുടെ കോക്ക്പിറ്റ് വാതിലുകൾ അതീവ സുരക്ഷിതമായാണ് നിർമിക്കുന്നത്. വിമാനം പറന്നുയർന്നാൽ ഉള്ളിൽ നിന്ന് ലോക്ക് ചെയ്യുന്ന ഈ വാതിൽ പുറത്തുനിന്ന് തകർക്കാൻ സാധ്യമല്ല. കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ തർക്കമോ പിടിവലിയോ നടക്കുമ്പോൾ ഈ വാതിൽ പുറത്തുനിന്ന് യാത്രക്കാർ എങ്ങനെ തുറന്നു, ആര് അനുമതി നൽകി എന്നതിൽ അവ്യക്തത തുടരുന്നു.

3. കോക്ക്പിറ്റിൽ മൂർച്ചയേറിയ ആയുധം എങ്ങനെ എത്തി?

വിമാനത്തിൽ പ്രവേശിക്കുന്നതിന് മുൻപ് സാധാരണ യാത്രക്കാരെപ്പോലെ പൈലറ്റുമാരും ക്രൂ അംഗങ്ങളും കർശനമായ മെറ്റൽ ഡിറ്റക്ടർ, സ്കാനിംഗ് സുരക്ഷാ പരിശോധനകൾക്ക് വിധേയരാകാറുണ്ട്. പ്രത്യേകിച്ച് അതീവ ജാഗ്രത പുലർത്തുന്ന ടെൽ അവീവ് റൂട്ടിൽ പൈലറ്റിന്റെ കൈവശം കത്തി പോലുള്ള ആയുധം എത്തിയത് വിമാനത്താവള സുരക്ഷാ പരിശോധനകളിലെ ഗുരുതര അട്ടിമറിയാണോ അതോ മെഡിക്കൽ എമർജൻസി ടൂളുകൾ ഏതെങ്കിലും ദുരുപയോഗം ചെയ്തതാണോ എന്നതിൽ ദുരൂഹതയുണ്ട്.

ജർമൻ വിങ്സ് ദുരന്തത്തിന്റെ തനിയാവർത്തനമോ?

വിമാനങ്ങൾ ഉപയോഗിച്ച് പൈലറ്റുമാർ നടത്തുന്ന ആത്മഹത്യകൾ മുൻപും വ്യോമയാന ചരിത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2015ൽ മാനസികാസ്വാസ്ഥ്യവും കടുത്ത വിഷാദവും മറച്ചുവെച്ച് സഹപൈലറ്റ് ആൻഡ്രിയാസ് ലുബിറ്റ്സ് 150 യാത്രക്കാരുമായി ജർമൻ വിങ്സ് വിമാനം ഫ്രഞ്ച് ആൽപ്സ് മലനിരകളിൽ ഇടിപ്പിച്ചു തകർത്ത സംഭവം വിദഗ്ദ്ധർ ഓർമിപിക്കുന്നു. സമാനമായി, ആഴത്തിലുള്ള മാനസിക സമ്മർദമോ സൈക്കോട്ടിക് എപ്പിസോഡോ നേരിട്ട സഹപൈലറ്റ് സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതിനിടയിലാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് ഏവിയേഷൻ സൈക്കോളജിസ്റ്റുകൾ നിരീക്ഷിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇസ്രായേൽ സർക്കാർ സംഭവത്തിന് അനാവശ്യ ഭീകരവാദ നിറം നൽകുകയാണെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായർ ലാപിഡ് തന്നെ ആരോപിച്ചിരുന്നു. പൈലറ്റുമാർക്കിടയിലെ വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദം, ജോലിഭാരം, കൃത്യമായ സൈക്കോളജിക്കൽ സ്ക്രീനിംഗിന്റെ അഭാവം എന്നിവയാണ് ഇത്തരം സംഭവങ്ങൾക്ക് പ്രധാന കാരണമെന്നും, അതിനെ രാഷ്ട്രീയവൽക്കരിക്കാതെ ഏവിയേഷൻ സുരക്ഷാ വീഴ്ചയായി കണ്ട് തിരുത്തുകയാണ് വേണ്ടതെന്നും അന്താരാഷ്ട്ര പൈലറ്റ് സംഘടനകളും ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Declared Terror Before Probe: Unanswered Questions Surround flydubai FZ 1073 Incident
Next Story