യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ റോൺ ഡിസാന്റിസ് രംഗത്ത്
text_fieldsവാഷിങ്ടൺ ഡി.സി: അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുവേണ്ടി മത്സരിക്കാൻ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും രംഗത്ത്. ബുധനാഴ്ച രാത്രി ട്വിറ്റർ മേധാവി ഇലോൺ മസ്കുമായി ട്വിറ്ററിൽ നടത്തിയ തത്സമയ ഓഡിയോ അഭിമുഖത്തിലാണ് ഡിസാന്റിസ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
സാങ്കേതിക തകരാർ കാരണം 20 മിനിറ്റോളം വൈകി ആരംഭിച്ച പരിപാടിയിൽ അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കി. ലോക്ഡൗൺ വിരുദ്ധ നിലപാടും വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണവും അദ്ദേഹം മുന്നോട്ടുവെച്ചു. മഹത്തായ അമേരിക്കയുടെ തിരിച്ചുവരവിനുവേണ്ടിയാണ് യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനുവേണ്ടി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ എതിരാളിയായിരിക്കും റോൺ ഡിസാന്റിസ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
2012ൽ ജനപ്രതിനിധിസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഡിസാന്റിസ് യു.എസ് രാഷ്ട്രീയത്തിൽ താരതമ്യേന പുതുമുഖമാണ്. 2018ൽ സെനറ്ററാകാനുള്ള ശ്രമം പരാജയപ്പെട്ടതിനുശേഷം അദ്ദേഹം ഫ്ലോറിഡ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. തോക്ക് കൈവശം വെക്കുന്നത് എളുപ്പമാക്കുന്നതിനും ഗർഭച്ഛിദ്രം വിലക്കുന്നതിനുമുള്ള നിയമങ്ങൾ നടപ്പാക്കുന്നതിന് അദ്ദേഹം മേൽനോട്ടം വഹിച്ചിട്ടുണ്ട്.
‘ഫ്ലോറിഡ ബ്ലൂപ്രിന്റ്’ ഫെഡറൽ നയങ്ങൾക്കുള്ള വഴികാട്ടിയായി പ്രവർത്തിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. യു.എസിനെ യാഥാസ്ഥിതിക ദിശയിലേക്ക് നയിക്കുന്നതായിരിക്കും ഈ നയങ്ങൾ.