
പടിഞ്ഞാറൻ യൂറോപിന്‍റെ ജീവനെടുത്ത് മഹാപ്രളയം; മരണം 150ലേറെ, കാണാതായ നൂറുകണക്കിന് പേർക്കായി തിരച്ചിൽ
text_fieldsബെർലിൻ: ജർമനി, ബെൽജിയം, നെതർലൻഡ്സ് രാജ്യങ്ങളെ മുക്കി രൂക്ഷമായി തുടരുന്ന മഹാപ്രളയത്തിൽ മരണസംഖ്യ കുതിക്കുന്നു. കാണാതായ നൂറുകണക്കിന് പേർക്കായി പ്രാർഥനയോടെ തിരച്ചിൽ തുടരുന്ന രാജ്യങ്ങളിൽ മൊത്തം മരണസംഖ്യ 150 കവിഞ്ഞു.
ജർമനിയിലെ റൈൻലാൻഡ്-പാലറ്റിനേറ്റ് സംസ്ഥാനത്ത് 93 പേരും അയൽ സംസ്ഥാനമായ റൈൻ- വെസ്റ്റ്ഫാലിയയിൽ 43 പേരും മരിച്ചു. രണ്ടിടങ്ങളിലും കുതിച്ചെത്തിയ വെള്ളപ്പാച്ചിലിൽ നൂറുകണക്കിന് പേർ ഒലിച്ചുപോയതിനാൽ മരണസംഖ്യ ഉയരുമെന്ന ആശങ്കയുണ്ട്. കൊളോണിന് തെക്ക് റൈൻലാൻഡ്-പാലറ്റിനേറ്റിലെ ആർവീലറിൽ മലവെള്ളപ്പാച്ചിലിൽ 1300 ഓളം പേരെയാണ് കാണാതായത്. ദിവസങ്ങളായി ഇവരെ കുറിച്ച് വിവരമില്ലാത്തത് രാജ്യത്തെ മുൾമുനയിൽ നിർത്തുകയാണ്. വാർത്താവിനിമയ സംവിധാനം തകർന്നുകിടക്കുന്നത് വിവരങ്ങൾ കൈമാറുന്നതിലും പ്രശ്നം സൃഷ്ടിക്കുന്നു. 60 വർഷത്തിനിടെ ഏറ്റവും വലിയ പ്രളയമാണ് ജർമനിയിൽ നാശം വിതച്ചത്.
അയൽരാജ്യമായ ബെൽജിയത്തിൽ 20 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരെ കാണാനില്ല. ബെൽജിയത്തിൽനിന്ന് നെതർലൻഡ്സിലേക്ക് ഒഴുകുന്ന മ്യൂസ് പുഴയിൽ ജലനിരപ്പ് ഇപ്പോഴും അപകടകരമായി ഉയരുകയാണ്.
ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയാണ് നൂറ്റാണ്ടിനിടെ യൂറോപ് സാക്ഷിയായ ഏറ്റവും വലിയ പ്രളയത്തിനിടയാക്കിയത്. ജർമനിയിൽ നിരവധി വീടുകൾ തകർന്നത് ആയിരങ്ങളെ ഭവന രഹിതരാക്കി. കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആഗോള താപനം മൂലമുണ്ടായ തോരാമഴയാണ് അപ്രതീക്ഷിത പ്രളയത്തിന് കാരണമെന്നാണ് വിലയിരുത്തൽ. വ്യവസായ യുഗം ആരംഭിച്ച ശേഷം അന്തരീക്ഷ മർദം ഇതിനകം 1.2 ഡിഗ്രി കൂടിയിട്ടുണ്ട്. അത് ഇനിയും ഉയരുമെന്നാണ് ആശങ്ക.
രക്ഷാ പ്രവർത്തനവുമായി സൈനികരും പൊലീസും രംഗത്തുണ്ട്. ലോക രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
