മരണം 1100 കടന്നു; ദുരിതപെയ്തിൽ വിറങ്ങലിച്ച് ഇന്തോനേഷ്യയും ശ്രീലങ്കയും തായ്‍ലൻഡും മലേഷ്യയും
text_fieldsതായ്‍ലൻഡിൽ എലിവേറ്റഡ് ഹൈവേയിൽ നിർത്തിയിട്ട വാഹനങ്ങൾ
ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‍ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.
ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. തായ്‌ലൻഡിൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 176 പേരാണ് മരിച്ചത്. മലേഷ്യയിൽ മൂന്ന് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.
ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.
തമിഴ്നാട്ടിൽ മൂന്ന് മരണം, പത്ത് വിമാനങ്ങൾ റദ്ദാക്കി
ദിത്വ ചുഴലിക്കാറ്റിന്റെ തുടർന്ന് തമിഴ്നാട്ടിൽ മഴ തുടരുന്നു. തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. തുടർച്ചയായ മഴയെത്തുടർന്ന് ചെന്നൈയിൽ നിന്നുള്ള പത്ത് വിമാനങ്ങൾ റദ്ദാക്കി. ചെന്നൈയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കുള്ള പത്ത് വിമാനങ്ങൾ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവളം അറിയിക്കുകയും യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റുകൾ തേടണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ദിത്വ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മൂന്ന് പേർ മരിച്ചതായി സംസ്ഥാന റവന്യൂ, ദുരന്തനിവാരണ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ പറഞ്ഞു.
നിരവധി പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജില്ല കലക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. തെക്കൻ ചെന്നൈയിലെ വെലാച്ചേരിയിലും മറ്റ് കനത്ത വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ടുകൾ സജ്ജമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ട് രൂക്ഷമാണ്. രാമേശ്വരത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് തങ്കച്ചിമഠത്തിലെ 200 ഓളം വീടുകൾ ഒറ്റപ്പെട്ടു.
ഡിസംബർ ഒന്ന് രാവിലെയോടെ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ നിന്ന് കുറഞ്ഞത് 35 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ദിത്വ ചുഴലിക്കാറ്റ് ദുർബലമായി ആഴത്തിലുള്ള ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചീപുരം, ചെന്നൈ, ചെങ്കൽപ്പേട്ട്, വെല്ലൂർ ജില്ലകളിലെ ചില സ്ഥലങ്ങളിൽ തിങ്കളാഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
തിരുപ്പത്തൂർ, തിരുവണ്ണാമലൈ, വില്ലുപുരം ജില്ലകളിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും വടക്കൻ തീരപ്രദേശങ്ങളിലും തെക്കൻ തീരദേശ കാരയ്ക്കൽ പ്രദേശത്തും മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

