പ്രളയ ദുരന്തം: രണ്ടാം ജന്മവുമായി 97കാരി ബൊഹറ; സ്വപ്നങ്ങളിൽ മാത്രം സാധ്യമായ തിരിച്ചുവരവ്
text_fieldsകാഠ്മണ്ഡു: കണക്കെടുപ്പുകൾക്ക് വഴങ്ങാത്ത മഹാനാശവുമായി നേപ്പാളിനെ തരിപ്പണമാക്കിയ മിന്നൽ പ്രളയദുരന്തത്തിൽ 97കാരി ഗുണ മായ ബൊഹറയെ കാത്തിരുന്നത് സ്വപ്നങ്ങളിൽ മാത്രം സാധ്യമായ തിരിച്ചുവരവ്. ഇരച്ചെത്തിയ പ്രളയജലം ചുറ്റുമുള്ളതെല്ലാം നക്കിത്തുടച്ച് കടന്നുപോയിട്ടും ബൊഹറ ബാക്കിയായി. വൃദ്ധസദനത്തിൽ ചളിയിൽ കുതിർന്നുകിടന്ന അവരെ ഒടുവിൽ രക്ഷാപ്രവർത്തകർ മണിക്കൂറുകളെടുത്താണ് സുരക്ഷിത കേന്ദ്രത്തിലെത്തിച്ചത്. മരണമുനമ്പിൽ ജീവിതത്തിലേക്ക് തിരികെ വിളി കാത്ത് ഇനിയുമേറെ പേരുണ്ടാകുമെന്ന പ്രതീക്ഷ രക്ഷാപ്രവർത്തകരിൽ സജീവമാക്കുന്നതായിരുന്നു ബൊഹറയുടെ രക്ഷപ്പെടൽ. യുദ്ധം ജയിച്ച പോരാളിയെപ്പോലെയായിരുന്നു ബൊഹറയുടെ മുഖമെന്ന് ഇവരെ തിരഞ്ഞെത്തിയ ബന്ധു ദീപക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേപ്പാൾ-തിബത്ത് അതിർത്തിയിലെ തിമൂറിൽ കസ്റ്റംസ് ഏജന്റായിരുന്ന രാജു ബുധഥോക്കിക്കും പറയാനുള്ളത് സമാനമായ അതിജീവനത്തിന്റെ കഥ. ബുധനാഴ്ച തന്റെ മുറിയിൽ വിശ്രമത്തിലായിരിക്കെയാണ് രാജു വലിയ പ്രകമ്പനം കേട്ടത്. ഭൂചലനമാകുമെന്ന് കരുതി ഓടി പുറത്തിറങ്ങിയപ്പോൾ തിമൂർ ഗ്രാമം ഒന്നാകെ ഒലിച്ചുപോകുന്ന കരളലിയിക്കും കാഴ്ചകളായിരുന്നു കൺമുന്നിൽ. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റു. ജീവൻ മുറുകെപിടിച്ച് പിന്നെയും ഓടി 500 മീറ്റർ ഉയരത്തിൽ വനത്തിനുള്ളിലെ കുന്നിൻമുകളിൽ അഭയം തേടിയാണ് യുവാവ് ജീവൻ രക്ഷിച്ചത്. ആകാശംമുട്ടെ ഉയരത്തിലെന്ന പോലെ ഇരച്ചെത്തിയ വെള്ളം തിമൂർ അങ്ങാടി നക്കിത്തുടച്ചുപോയപ്പോൾ എവിടെ പോകുമെന്ന് പോലും അറിയില്ലായിരുന്നുവെന്ന് ഇതേ നാട്ടുകാരനായ ഗൗതം പറയുന്നു. പിറ്റേന്ന് രാവിലെ സൈനിക ഹെലികോപ്ടർ സ്ഥലത്തെത്തിയപ്പോഴാണ് രക്ഷപ്പെട്ടുവെന്ന് ഉറപ്പായത്.
രണ്ടുവശത്തും ചളിയിൽ കുതിർന്ന് വെള്ളം ആർത്തിരമ്പുന്നതിനിടെ വീടിന്റെ ടെറസിൽ ഒന്നും ചെയ്യാനാകാതെ കുടുംബം നോക്കിനിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞോടിയിരുന്നു. അനുനിമിഷം ശക്തിയാർജിച്ച വെള്ളപ്പാച്ചിലിൽ പരിസരങ്ങളിലെ കെട്ടിടങ്ങൾ ഓരോന്നായി ഒലിച്ചുപോയിട്ടും ഞെട്ടിക്കുന്ന കാഴ്ചകൾക്ക് മുന്നിൽ അവർ ഒന്നും ചെയ്യാനാകാതെ നിന്നു. ഏറെ കഴിഞ്ഞ് ഏറ്റവും മുകളിൽ കയറി ചുവന്ന തുണി ഉയർത്തിക്കാട്ടുന്ന വിഡിയോ വേറെയും വന്നു.
കവർച്ചക്കിറങ്ങി ആൾക്കൂട്ടം
കാഠ്മണ്ഡു: പ്രളയത്തിന്റെ നെഞ്ചുലക്കും കാഴ്ചകൾ മുൾമുനയിൽ നിർത്തുന്നതിനിടെ നിറയെ പണവുമായി ഒഴുകിയെത്തിയ ബാങ്ക് ലോക്കർ ഒരു ഗ്രാമത്തെ കവർച്ചക്കാരാക്കി. പ്രളയം ആദ്യമെത്തിയ ഗ്രാമങ്ങളിലൊന്നായ റസുവയിൽനിന്ന് ഒഴുകിയിറങ്ങിയ ലോക്കറിലുണ്ടായിരുന്നത് 92 ലക്ഷം നേപ്പാൾ രൂപ. പലനാടുകൾ പിന്നിട്ട് ഒടുവിൽ ധാഡിങ്ങിലാണ് ലോക്കർ പുഴയരികിൽ കുരുങ്ങിനിന്നത്. പണപ്പെട്ടിയാണെന്ന് തിരിച്ചറിഞ്ഞ ആൾക്കൂട്ടം രക്ഷാപ്രവർത്തനം മറന്ന് സേഫ് തുറന്ന് കവർച്ചക്കിറങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

